തൃശൂര്‍ കോടാലിയില്‍ എട്ടുവയസ്സുകാരന് മരിച്ചത് ശംഖുവരയന്റെ കടിയേറ്റ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന് ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന് അനോജ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.രാത്രി ചൂട് കൂടിയതു കാരണം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.
വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.














