തിരുവനന്തപുരം: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണം എന്നാവശ്യപ്പെടാനാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍.
അവിശ്വാസികള്‍ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നത് ശരിയല്ല. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിയമം കൊണ്ടുവരാന്‍ അധികാരമുണ്ട്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം. അതിന്റെ വിശദാംശം രേഖാമൂലം അമിത്ഷായ്ക്കു കൈമാറിയിട്ടുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

താന്‍ ഗവര്‍ണര്‍ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല. ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടുമില്ല. ഉടനെ ഡല്‍ഹിക്ക് പോകുന്നുമില്ല. താന്‍ സുപ്രീം കോടതിയില്‍ ജയിച്ച കേസ് സംബന്ധിച്ചു ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ക്‌ളാസെടുക്കാന്‍ അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്കു പോകുന്നുണ്ട്- സെന്‍കുമാര്‍ പറഞ്ഞു.സെന്‍കുമാര്‍ ഗവര്‍ണറാകുമെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.













