കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യം തള്ളി ശശി തരൂര്‍ എം.പി. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു.‘സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന കോൺഗ്രസ് എം.പി ഹൈബി ഈഡന്റെ ആവശ്യം അപ്രായോഗികമാണ്. തികച്ചും യോഗ്യതയില്ലാത്ത ആവശ്യം’ – ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
ഇപ്പോള്‍ തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന് എം.പിയും പ്രതികരിച്ചു. ഹൈബിയുടേത് അപക്വമായ ആവശ്യമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.യു.ഡി.എഫ് ഘടകകക്ഷികളടക്കം ഹൈബിക്ക് എതിരെ തിരിഞ്ഞു. മണ്ഡലം നിലനിർത്താനുള്ള അടവെന്ന് ആർ.എസ്.പി തുറന്നടിച്ചു. അനാവശ്യ നീക്കമാണ് ഹൈബി ഈഡൻ നടത്തിയതെന്ന അഭിപ്രായം കോണ്‍ഗ്രസിലും യു.ഡി.എഫിലും ശക്തമായിട്ടുണ്ട്.














