തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് തള്ളിയത്. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് ഉള്ളത്. പാകിസ്താൻ വംശജനായ മുസ്ലീമായതിനാൽ ഇന്ത്യ തന്നെ പീഡിപ്പിക്കുമെന്ന് ആരോപിച്ചാണ് തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചത്.കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്.പാകിസ്താനിൽ സൈനിക ഡോക്ടറായിരുന്നു തഹാവൂർ റാണ. പിന്നീടാണ് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം സ്വീകരിക്കുകയും ചെയ്തത്. തുടർന്ന് അമേരിക്കയിലെ ഷിക്കാഗോയിൽ എത്തി വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈ ശാഖയാണ്, ലഷ്കർ ഭീകരർക്ക് ആക്രമണത്തിനുള്ള സഹായങ്ങൾ ചെയ്ത് നൽകിയതെന്നാണ് കണ്ടെത്തൽ.

2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.













