ട്വന്റി20 ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടില്‍ ഖത്തറിന് നാലാം ജയം.തിങ്കളാഴ്ച നടന്ന മത്സരത്തില്‍ അയല്‍ക്കാരായ ബഹ്റൈനെയാണ് ആവേശകരമായ മത്സരത്തില്‍ 13 റണ്‍സിന് തോല്‍പിച്ചത്.
ഏഷ്യൻ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഖത്തർ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. ഓപണർ ഇമാല്‍ ലിയനാഗെ (78 റണ്‍സ്), മുഹമ്മദ് അഹ്നാഫ് (60 നോട്ടൗട്ട്) എന്നിവരുടെ മികവിലായിരുന്നു ഖത്തറിന്റെ മികച്ച ടോട്ടല്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ അവസാന ഓവർ വരെ പോരാടിയെങ്കിലും ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നായകൻ ഹൈദർ അലി 68ഉം, റിസ്‍വാൻ ഭട്ട് 32ഉം റണ്‍സെടുത്തു. മറ്റു മത്സരങ്ങളില്‍ സൗദിയും തായ്‍ലൻഡും ജയിച്ചു. കംബോഡിയക്കെതിരെ അഞ്ചു വിക്കറ്റിനായിരുന്നു സൗദിയുടെ ജയം.
തായ്‍ലൻഡ് ഏഴ് റണ്‍സിന് ഭൂട്ടാനെയും തോല്‍പിച്ചു. ചൊവ്വാഴ്ചയാണ് പോയിന്റ് നിലയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഖത്തറും യു.എ.ഇയും തമ്മിലെ മത്സരം. ഇരു ടീമുകളും നാല് കളിയില്‍ എല്ലാം ജയിച്ച് എട്ട് പോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്താണ്.













