ടിക് ടോക്: തിരൂരില്‍ ഗുണ്ടാ ആക്രമണം, 6 പേര്‍ക്ക് പരിക്ക്


ടിക് ടോക് ഡാന്‍സിലൂടെ റോഡ് ഗതാഗതം തടഞ്ഞത് ചോദ്യംചെയ്‌ത നാട്ടുകാരെ കോളേജ് വിദ്യാര്‍ഥികള്‍ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായി പരാതി. കല്ലേറിലും മര്‍ദനത്തിലും തയ്യല്‍തൊഴിലാളിയായ വനിതയടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തെക്ക നന്നാര സ്വദേശി സുജാത (30), വടക്ക നന്നാര സ്വദേശികളായ പുന്നയില്‍ ഷാഹിദ് (27), മണ്ടകത്തിങ്കല്‍ ഫാസില്‍ (29), പുതുകുളങ്ങര ഷൗക്കത്ത് അലി (34), പുതുക്ക നാട്ടില്‍ ഫര്‍ഹാന്‍ (20), കാഞ്ഞോളിപ്പടി സച്ചിന്‍ (21) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തിരൂര്‍ പൂങ്ങോട്ടുകുളം കോ -ഓപറേറ്റീവ് കോളേജിനുസമീപത്തെ റോഡിലായിരുന്നു അക്രമം. വെള്ളിയാഴ്ച കോളേജിലെ കുറച്ച്‌ വിദ്യാര്‍ഥികള്‍ റോഡ് തടസ്സപ്പെടുത്തി ടിക് ടോക് ഡാന്‍സ് (ഡാന്‍സടക്കം തത്സമയ വീഡിയോ എടുത്ത് അപ് ലോഡ് ചെയ്യല്‍) നടത്തിയത് നാട്ടുകാരെ വലച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും പ്രദേശത്തെ യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളും നടന്നു. നാട്ടുകാര്‍ ഇടപെട്ട് വിഷയം സമാധാനപരമാക്കി.


ഇതിനിടെ തിങ്കളാഴ്ച കോളേജ് വിദ്യാര്‍ഥികള്‍ താനൂര്‍ പുതിയ കടപ്പുറത്തെ ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വാട്‌സാപ് ഹര്‍ത്താലിനിടെ താനൂരില്‍ ബേക്കറി തകര്‍ത്ത കേസിലെ പ്രതികള്‍ അടക്കം 25ഓളം വരുന്ന അക്രമിസംഘം ക്രിക്കറ്റ് സ്റ്റമ്ബ്, വടി, ഇരുമ്ബ് പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച്‌ ആക്രമിക്കുകയും കല്ലേറ് നടത്തുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. കല്ലേറില്‍ കടയുടെ ചില്ല് തെറിച്ചും കല്ലുകൊണ്ടുമാണ് സുജാതക്ക് പരിക്കേറ്റത്. അക്രമത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്തു. അക്രമികള്‍ വന്ന രണ്ട് ബൈക്ക് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.



Sharing is Caring