തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ മവിമര്ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നടക്കുന്ന നിഷ്ഠൂരമായ സംഭവങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെങ്കില്‍ എന്തിനാണ് സഭയില്‍ വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കോടതിയുടെ പരിഗണനയിലുള്ള കേസെന്ന് ചൂണ്ടിക്കാണിച്ചാണ് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അനുമതി നിഷേധിച്ചത്. എന്നാല്‍ കോടതിയിലുള്ള എത്രയോ വിഷയങ്ങളില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് സോളാര്‍, ബാര്‍കോഴ കേസുകള്‍ ചൂണ്ടിക്കാണിച്ച് ചെന്നിത്തല പറഞ്ഞു. മീഡിയാറൂമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കറുടെ നടപടി അക്ഷന്തവ്യമായ തെറ്റും കീഴ്വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും കടുത്തലംഘനവുമാണ്. ഇത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാവുന്ന കാര്യമല്ല. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണ്.
എന്താണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാനുള്ളതെന്നും മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ആരാഞ്ഞു. ആലുവ മുന്‍ റൂറല്‍ എസ്.പിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
ഞങ്ങളാരും ഓടു പൊളിച്ച് വന്നതല്ല, ജനങ്ങള്‍ തെരഞ്ഞെടുത്ത് വന്നത് തന്നെയാണ്. ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ട് ഭരണപക്ഷം അഹങ്കരിക്കുകയാണ്. സഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. പ്രതിപക്ഷത്തേയും മാധ്യമങ്ങളെയും അടിച്ചോടിച്ച് ഇരുമ്പ് മറക്കുള്ളില്‍ ഒളിച്ചിരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.













