വർഷാവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഝാർഖണ്ഡില്‍ സ്ഥാനാർഥികളുടെ കരട് പട്ടികയുമായി ബി.ജെ.പി.ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരടങ്ങുന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. സംസ്ഥാന നേതൃത്വം തിങ്കളാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ടിരുന്നു.
സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡിനും ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്കുമൊപ്പമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 81 നിയമസഭ സീറ്റുകളില്‍ രണ്ടെണ്ണം ജെ.ഡി.യുവിനും ഒന്ന് എല്‍.ജെ.പിക്കും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയുടെ പ്രാദേശിക സഖ്യകക്ഷിയായ ഓള്‍ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയന് ഒമ്ബത് സീറ്റുകള്‍ നല്‍കിയേക്കുമെന്നും വിവരമുണ്ട്.

ആദിവാസി ആധിപത്യമുള്ള 28 സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തുമെന്നും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു. എല്ലാ സ്ഥാനാർഥികളും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. ഈ വർഷം ആദ്യം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്ക് കടന്ന ജെ.എം.എമ്മിന്റെ മുതിർന്ന നേതാവ് ചമ്ബായി സോറനെ മുന്നില്‍ നിർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.













