കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്നയെ തേടി അന്വേഷണസംഘം ബംഗളൂരുവിലെത്തി. ജെസ്നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗ സംഘമാണ് ബംഗളൂരുവിലേക്ക് എത്തിയത്.
ബാംഗലൂര് മടിവാളയിലെ ആശ്വാസ ഭവനില്‍ എത്തിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവിടെ താമസിക്കാന്‍ മുറി അന്വേഷിച്ച് ചെന്നതായും മുറിയില്ലെന്നറിഞ്ഞ് മൈസൂരുവിലേയ്ക്ക് പോയെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ആശ്വാസ ഭവനുമായി ബന്ധപ്പെട്ട ശേഷം ആന്റോ ആന്റണി എംപിയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ശനിയാഴ്ച 11.30ഓടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജസ്നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ഫോട്ടോയിലുള്ള അതേ സ്കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയത്.

മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. അവിടെ പള്ളിയുമായി ബന്ധപ്പെട്ട ചിലര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദീകനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. ബൈക്കിലാണ് ബാംഗലൂരുവിലെത്തിയതെന്നും ഇടയ്ക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് നിംഹാന്‍സില്‍ ചികിത്സ തേടി. താമസ സൗകര്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേയ്ക്ക് പോവുകയാണെന്നും പറഞ്ഞതായും അധികൃതര്‍ പറഞ്ഞു.
പോലീസ് മാത്രമാണ് ആദ്യഘട്ടത്തില്‍ ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്. ജസ്ന തന്നെയാണ് എത്തിയിരിക്കുന്നതെന്ന് വ്യക്തമായാല്‍ ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിക്കും. ഇതിനു തയാറായിരിക്കാന്‍ പോലീസ് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഡംബര ബൈക്കില്‍ മുടനീട്ടി വളര്‍ത്തിയ യുവാവിനൊപ്പം ജെസ്നയെ കണ്ടുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വഴിമധ്യേ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികിത്സയിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നിംഹാന്‍സിലും ആശ്വാസ് ഭവനിലും പോലീസ് എത്തി അന്വേഷണം നടത്തും.
ജസ്നയെ കാണാതായിട്ട് 50 ദിവസങ്ങളാകുന്നു. ബന്ധുക്കള്‍ സുഹൃത്തുക്കള്‍, പരിചയക്കാര് എന്നിവരുടെയൊക്കെ വീടുകള്‍, ധ്യാനകേന്ദ്രങ്ങള്‍, അപകട സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളും ഇതിനോടകം അന്വേഷണം നടത്തി.
മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്നയെ കാണാതായത്. കാഞ്ഞിരിപ്പള്ളിയിലെ കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്ന്് ബസ്സില്‍ എരുമേലി ബസ് സ്റ്റാന്റിലും എത്തിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു.
എരുമേലി ബസ്സ്റ്റാന്റില് മുണ്ടക്കയം ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേയ്ക്ക് പെണ്‍കുട്ടി നീങ്ങിയതായി കണ്ടവരുണ്ട്. പിന്നീടുള്ള വിവരങ്ങളൊന്നുമില്ല. തിരുവല്ല ഡിവൈഎസ്പി ആര് ചന്ദ്രശേഖരപിള്ള, പെരുനാട് ഇന്‍സ്പെക്ടര്‍ എംഐ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.













