ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: കന്യാസ്തീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍


കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി തള്ളി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പീഡന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മഠത്തിലെ ചില പ്രശ്‌നങ്ങള്‍ പറയാന്‍ കന്യാസ്ത്രീ തന്നെ വന്നുകണ്ടിരുന്നു. പീഡനം നടന്നുവെന്ന് തന്നോട് പറഞ്ഞിട്ടില്ല. തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ജലന്ധര്‍ രൂപത തന്റെ അധികാര പരിധിയില്‍ വരുന്നതല്ല. ലത്തീന്‍ രൂപതയുടെ കീഴില്‍ വരുന്നതാണ്. അതുകൊണ്ട് അവരുടെ കാര്യങ്ങളില്‍ തനിക്ക് ഇടപെടാനാവില്ലെന്നും കര്‍ദ്ദിനാള്‍ പറയുന്നു. പരാതി നല്‍കിയിട്ടില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ അത് പോലീസല്ലേ അന്വേഷിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


അതേസമയം, കര്‍ദ്ദിനാള്‍ കൈയെതാഴിഞ്ഞുവെന്ന മൊഴി കന്യാസ്ത്രീ ആവര്‍ത്തിച്ചിട്ടുണ്ട്. തന്റെ പരാതി കര്‍ദ്ദിനാള്‍ കയ്യൊഴിച്ചതോടെ മാര്‍പാപ്പയ്ക്ക് പരാതി അയച്ചുവെന്നും ഇ മെയില്‍ വഴിയാണ് പരാതി അയച്ചതെന്നും കന്യാസ്ത്രീ പറയുന്നു. മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിക്കും ഇ മെയില്‍ വഴി പരാതി അയച്ചിട്ടുണ്ടെന്നും കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു. കുറവിലങ്ങാട് പള്ളി വികാരിക്കും തുടര്‍ന്ന് പാലാ രൂപത ബിഷപ്പിനും പരാതി നല്‍കിയിരുന്നുവെന്നും അതിനു ശേഷമാണ് കര്‍ദ്ദിനാളിന് പരാതി നല്‍കിയത്. സഭയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് കണ്ടതോടെയാണ് പോലീസിന് പരാതി നല്‍കിയതെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു.


കന്യാസ്ത്രീ കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാട്ടുള്ള മഠത്തില്‍ പോയിട്ടുണ്ടെന്നത് വ്യക്തമായി. സന്ദര്‍ശക ഡയറി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം ബോധ്യമായത്. കുറവിലങ്ങാട്ടെ സന്യാസിനി സഭയുടെ മഠത്തിലും ഗസ്റ്റ് ഹൗസിലും 13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് പരാതി.

മാര്‍പാപ്പയ്ക്ക് കന്യാസ്ത്രീ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ ഉചിതമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് പ്രതികരിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അവര്‍ പരാതി നല്‍കിയോ ഇല്ലയോ എന്ന് പറയാന്‍ താന്‍ ആളല്ല. ഇക്കാര്യം അദ്ദേഹമാണ് വ്യക്തമാക്കേണ്ടതെന്നു ഫാ.തേലക്കാട്ട് പറയുന്നു.



Sharing is Caring