ഛത്തീസ്ഗഢിലെ നാരായണ്‍പുർ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടു.
40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മഹാരാഷ്ട്രയോട് ചേർന്നുള്ള അബുജ്മദ് വനമേഖലയില്‍ തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.

നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നു ഇരുവരും.മാവോവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് നാരായണ്‍പുർ പോലീസ് സൂപ്രണ്ട് റോബിൻസണ്‍ ഗുരിയ പറഞ്ഞു.
മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവയ്പ്പിനൊടുവില്‍ രണ്ട് പുരുഷ കേഡർമാരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഒരു എകെ-47 റൈഫിള്‍, ഒരു ഇൻസാസ് റൈഫിള്‍, ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചർ (ബിജിഎല്‍), വൻതോതില്‍ സ്ഫോടകവസ്തുക്കള്‍, മാവോയിസ്റ്റ് ലഘുലേഖകള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട രണ്ടുപേരും തെലങ്കാനയിലെ കരിംനഗർ സ്വദേശികളാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലേറെയായി ഇവർ ബസ്തർ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ‘ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി’യില്‍ സജീവമായിരുന്നു. ഇരുവരുടെയും തലയ്ക്ക് 40 ലക്ഷം രൂപ വീതമാണ് വിലയിട്ടിരുന്നത്. സുരക്ഷാ സേനയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിപ്പ് പങ്കുവച്ചു.













