ചാംപ്യൻസ് ലീ​ഗ് ടി20 വീണ്ടും? ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 12 ടീമുകൾ


സിം​ഗപ്പുർ സിറ്റി: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീ​ഗുകളിലെ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ചാപ്യൻസ് ലീ​ഗ് ടി20 പോരാട്ടം വീണ്ടും ആരംഭിച്ചേക്കും. സിം​ഗപ്പുരിൽ സമാപിച്ച ഐസിസി വാർഷിക യോ​ഗത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.


ടൂർണമെന്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യ, ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ അനുകൂല സമീപനം സ്വീകരിച്ചു. അടുത്ത വർഷം സെപ്റ്റംബറിൽ ടൂർണമെന്റ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ലാണ് അവസാനമായി ചാംപ്യൻസ് ലീ​ഗ് പോരാട്ടം നടന്നത്. അന്ന് ചെന്നൈ സൂപ്പർ കിങ്സാണ് ചാംപ്യൻമാരായത്.


ടെസ്റ്റിൽ റാങ്കിങിൽ മുന്നിലുള്ള ടീമുകൾക്ക് പ്രാധാന്യം നൽകുന്ന ദ്വിതല സംവിധാനവുമായി മുന്നോട്ടു പോകാൻ യോ​ഗം തീരുമാനിച്ചു. ഇതിലും അം​ഗങ്ങൾ അനുകൂല നിലപാടാണ് എടുത്തത്. നിലവിൽ 9 ടീമുകളാണ് ടെസ്റ്റ് ചാംപ്യൻഷിപ്പ് കളിക്കുന്നത്. ഇത് 12 ആയി ഉയർത്തും. ആറ് ടീമുകൾ വീതമുള്ള രണ്ട് ​ഗ്രൂപ്പുകളായിട്ടായിരിക്കും പോരാട്ടം.

പ്രകടനം അനുസരിച്ച് സ്ഥാനക്കയറ്റവും തരംതാഴ്ത്തലും ഉണ്ടാകും. ടൂർണമെന്റിന്റെ അന്തിമ ഘടന ഈ വർഷം അവസാനത്തോടെ തീരുമാനിക്കും



Sharing is Caring