ഗ്രൂപ്പില്ലാതാക്കാനാണ് എഐസിസിയുടെ ശ്രമമെന്ന് എം എം ഹസന്. പുതിയ അധ്യക്ഷന്‍ ചുമതല ഏല്ക്കുന്നതു വരെ പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് ഡല്‍ഹിയില്‍ നിന്ന് രണ്ടു ദിവസത്തിനുള്ളില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രി 7ന് മുകുള്‍ വാസ്നിക്കാണ് പുതിയ നേതാക്കളെ നിശ്ചയിച്ച വിവരം തന്നെ വിളിച്ചു പറയുന്നത്. വലിയ സന്തോഷമുണ്ടെന്നും ഇവര്‍ ഗ്രൂപ്പുകള്‍ക്കതീതമായ നേതാക്കളാണെന്നുമായിരുന്നു തന്റെ മറുപടിയെന്നും ഹസന് പറഞ്ഞു.
പുതിയ നേതൃനിരയിലുള്ളവര്‍ അധികവും പാര്‍ലമെന്റ് അംഗങ്ങളാണ്.വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവരാണെന്ന വിലയിരുത്തല്‍ ഹൈക്കമാന്റിനുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്ലൊരു വിജയം നേടിയെടുക്കാനുള്ള ചുമതലയാണ് പുതിയ സാരഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ സമാധാനന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചുവെന്ന് ഹസന് അവകാശപ്പെട്ടു. ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കി എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്തി. പാര്‍ട്ടിക്ക് പുതുജീവന്‍ നല്കാന് സാധിച്ചുവെന്ന് ഹസന് പറഞ്ഞു. യുഡിഎഫിന്റെ പടയൊരുക്കവും ജനമോചന യാത്രയും നടത്തിയത് ഞാന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റ ശേഷമാണ്. കേരളത്തെ സംബന്ധിച്ച് വലിയ രാഷ്ട്രീയ പ്രചരണമായിരുന്നു ഇവ. രമേശ് ചെന്നിത്തലയും ഞാനും യോജിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയമെന്നും ഹസന് വ്യക്തമാക്കി.

പാര്‍ട്ടി അധ്യക്ഷനായ ശേഷം ഒരു ദിവസം പോലും വെറുതെ ഇരിക്കാന്‍ പറ്റിയിട്ടില്ല. ഓരോ ദിവസവും പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ധന വിലവര്‍ദ്ധനവിനെതിരെ നിരവധി സമരങ്ങള്‍ നടത്തി. രണ്ട് പ്രകൃതി ദുരന്തങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്താന്‍ സാധിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ 1000 വീടുകള്‍ നിര്‍മിക്കാന്‍ കെപിസിസി പദ്ധതി ആവിഷ്കരിച്ചു. അതില്‍ 100 വീടുകള്‍ നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിച്ചു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ ഡി സി സികളെയും സമീപിച്ചു. യഥാര്‍ത്ഥത്തില്‍ മുഴുവന്‍ സമയ കെ പി സി സി പ്രസിഡന്റിന് ചെയ്യാന്‍ പറ്റുന്നതിലധികം കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചെയ്തിട്ടുണ്ട്.
ഐക്യം പുനഃസ്ഥാപിച്ചതുകൊണ്ട് എല്ലാവരുടെയും പിന്തുണ കിട്ടി. അതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. ഏല്‍പ്പിച്ച ചുമതല ആത്മാര്‍ത്ഥമായി വിജയകരമാക്കാന്‍ സാധിച്ചു. എന്റെ 50 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തെ കാണുന്നത്. അര നൂറ്റാണ്ടിനിടയ്ക്ക് ദേശീയ മുസ്ലിം പ്രസിഡന്റ് കെപിസിസിക്ക് ഉണ്ടാകുന്നത് ഇത് ആദ്യമാണ്. അതിനുപരി തിരുവനന്തപുരത്തുകാരനായ രണ്ടാമത്തെ കെപിസിസി പ്രസിഡന്റെന്ന ബഹുമതിക്കും ഞാന്‍ അര്‍ഹനായി.
സ്ഥാനമൊഴിയുന്നെങ്കിലും എന്നെ യാത്ര അയക്കാന്‍ അവര്‍ക്കാകില്ല. ഞാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറിയെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാനുണ്ടാകും.ഒരു ഗ്രൂപ്പിനും പ്രാതിനിധ്യം നല്‍കില്ലെന്ന നിലപാടാണ് എഐസിസിക്കുള്ളത്. അത് എത്രമാത്രം വിജയിക്കുമെന്നത് പരീക്ഷച്ചറിയേണ്ട കാര്യമാണ്.
ചാരക്കേസുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. കെ. കരുണാകരനെ മാറ്റാന്‍ നടത്തിയ നീക്കങ്ങള്‍ക്കിടയില്‍ അന്നുണ്ടാക്കിയ സംഭവങ്ങളെല്ലാം അതിനെ സ്വാധീനിച്ചിട്ടുണ്ടെന്നല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കാത്തതും.
ആദ്യമായാണ് യുഡിഎഫ് കണ്‍വീനറെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുന്നത്. ബെന്നിബഹനാനെ നിശ്ചയിച്ചത് ഘടകകക്ഷികളുമായി ആലോചിച്ചാണ്. പ്രഖ്യാപനം കേന്ദ്രത്തില്‍ നിന്നും ഉണ്ടായെന്നേ ഉള്ളു.
പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആരു വിചാരിച്ചാലും അതു മാറ്റാന്‍ പറ്റുമോയെന്നത് കണ്ടറിയണം. ഇപ്പോള്‍ നിയമിച്ച നേതൃനിര ഗ്രൂപ്പുകള്ക്കതീതമായവരാണ്. ഇതൊരു പരീക്ഷണമാണ്. വി.എം. സുധീരനെ കേന്ദ്രം അധ്യക്ഷസ്ഥാനത്ത് പരീക്ഷിച്ചിരുന്നു. അത് വിജയിച്ചോയെന്നുള്ളത് എഐസിസിയാണ് വിലയിരുത്തേണ്ടത്. ഇപ്പോഴത്തെ പരീക്ഷണം വിജയിക്കട്ടെ എന്നാണ് എന്റെ ആശംസയെന്നും ഹസന് പറഞ്ഞു.













