ഗെയില്‍ സമരംചര്‍ച്ചയിലൂടെ പരിഹരിക്കണം: ചെന്നിത്തല


കാസര്‍ഗോഡ്: കോഴിക്കോട് ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ നടക്കുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരത്തിനു നേരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് പകരം പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. മാദ്ധ്യമ പ്രവര്‍ത്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ചെന്നിത്തല അപലപിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ ജാഥയായ പടയൊരുക്കത്തിന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.


കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതു കൊണ്ടു മാത്രം കാര്യമില്ല. തോമസ് ചാണ്ടിയെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയും അഴിമതിയില്‍ കൂട്ടുപ്രതി ആയിരിക്കുകയാണ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസും യുഡിഎഫും ഭയക്കുന്നില്ല.


കളങ്കിതര്‍ ആരൊക്കെയെന്നത് ഏറ്റവും കൂടുതല്‍ അറിയാവുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും ചെന്നിത്തല പറഞ്ഞു.



Sharing is Caring