ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍


ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റേയും അമേരിക്കൻ സീക്രട്ട് സർവീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസ്ഥരുമായി പാകിസ്ഥാൻ കരസേനാ മേധാവി ജനറല്‍ അസിം മുനീർ ഈജിപ്തില്‍ നടത്തിയ രഹസ്യ ചർച്ചകള്‍ക്ക് പിന്നാലെയാണിത്.


യുദ്ധാനന്തരം ഗാസയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സംരക്ഷണ സേനയായി പാകിസ്ഥാൻ സൈനികർ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഈ നീക്കത്തിന് മറുപടിയായി പാകിസ്ഥാനിന് വൻ സാമ്ബത്തിക പാക്കേജുകളും വിദേശ വായ്പകളും ലഭിക്കുമെന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.


പാകിസ്ഥാൻ ഇതുവരെ ഇസ്രായേലിനെ അംഗീകരിക്കാതെയും പലസ്തീനിന്റെ പക്ഷത്തുനിന്നുമുള്ള നിലപാട് പുലർത്തിയതുമാണ്. എന്നാല്‍ ഇപ്പോഴത്തെ ഈ നീക്കം രാജ്യത്തിന്റെ വിദേശനയത്തില്‍ വൻ മാറ്റം വരുത്തുന്ന ഒരു നിർണായക സംഭവമായി കണക്കാക്കപ്പെടുന്നു. ഇസ്രായേലുമായി യാതൊരു നയതന്ത്രബന്ധവും ഇല്ലാത്ത പാകിസ്ഥാൻ ഗാസയില്‍ സൈനികരെ വിന്യസിക്കാൻ ഒരുങ്ങുന്നത് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടി.

ഈ തീരുമാനം അറബ് ലോകത്തും വ്യാപകമായ വിമർശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തുർക്കി, ഇറാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാൻ നടത്തുന്ന ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.യുദ്ധാനന്തരം ഗാസയില്‍ ഇസ്രായേലിന്റെ സുരക്ഷയ്ക്കും പലസ്തീനുകാരുടെ പുനരധിവാസത്തിനും ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സേനയെ വിന്യസിക്കാനുള്ള ആലോചനയാണ് നിലവില്‍ മുന്നോട്ട് പോകുന്നത്.

ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ സൈനികരുടെ പങ്കാളിത്തം നിർണ്ണായകമാകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ഗാസയിലെ ഭാവി രാഷ്ട്രീയ പുനർനിർമാണത്തില്‍ പാകിസ്ഥാന്റെ ഈ നീക്കം പ്രധാന പങ്ക് വഹിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.



Sharing is Caring