ഗാസയിലെ സമാധാന നീക്കത്തില്‍ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഗാസയിലെ സമാധാന നീക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാന ശ്രമത്തിലെ ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. ബന്ദി മോചനത്തിന്റെ സൂചനകള്‍ സുപ്രധാന ചുവടുവെപ്പാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.


സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു.


എന്നാല്‍ നിരായൂധീകരണത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ബന്ദി മോചനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മധ്യസ്ഥതയിലൂടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഹമാസ് അറിയിച്ചു.ഹമാസിന്റെ പ്രതികരണത്തെ ട്രംപും സ്വാഗതം ചെയ്തു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് വിശ്വസിക്കുന്നുവെന്നും ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്നും ട്രംപ് നിര്‍ദേശിച്ചു.

അങ്ങനെയെങ്കില്‍ ബന്ദികളെ പെട്ടെന്നും സുരക്ഷിതവുമായി തിരിച്ചെത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഹമാസിന്റെ പ്രതികരണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അമ്പരപ്പ് സൃഷ്ടിച്ചെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിന്റെ മറുപടിയില്‍ നെതന്യാഹു തൃപ്തനല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

അതേസമയം ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന ട്രംപിന്റെ പദ്ധതിയിലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയ്യാറാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ സൈന്യത്തിന് ഉത്തരവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ഗാസ കീഴടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക’ എന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.



Sharing is Caring