കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അടിയന്തര അനുമതി നല്‍കണം: മന്ത്രി പി രാജീവ്


കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നല്‍കണമെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ന്യൂഡല്‍ഹി കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ലമെന്റ് ഹൗസില്‍ വെച്ചാണ് കേന്ദ്ര വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.


നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവല്പ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (എന്‍ ഐ സി ഡി ഐ ടി) ബോര്‍ഡ് 2022 ഡിസംബര്‍ 14ന് 3815 കോടിയുടെ ഈ പദ്ധതി അംഗീകരിച്ചതാണ്. എന്നാല്‍, ഒന്നര വര്‍ഷമായിട്ടും കേന്ദ്രമന്ത്രിസഭ ഇതിനുള്ള അനുമതി നല്‍കിയിട്ടില്ല. ഇതാണ് ഗൗരവതരമായ പ്രശ്‌നം. സാമ്പത്തികമായ പരിമിതിക്കിടയിലാണ് ഈ ഫ്ളാഗ്ഷിപ്പ് പദ്ധതിക്കായി കേരളം 1,194 കോടി രൂപ ചെലവഴിച്ച് 1,152.23 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു .


കേരളത്തിന്റെ വ്യവസായ മേഖലയിലെ മുന്നേറ്റത്തിനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഏറെ പ്രധാനപ്പെട്ട പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി. ഇതിനായി പാലക്കാട് ജില്ലയില്‍ പുതുശ്ശേരി, കണ്ണമ്പ്ര മേഖലകളിലായി സംസ്ഥാനം ഭൂമി ഏറ്റെടുത്തത് 10 മാസം കൊണ്ട് റെക്കോര്‍ഡ് വേഗത്തിലാണ്. വ്യവസായ ഇടനാഴിക്കായി ഏറ്റവും വേഗത്തില്‍ സ്ഥലം ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്രവ്യവസായ മന്ത്രിയും മറ്റ് മന്ത്രിമാരും അഭിനന്ദിച്ചതാണ്.

സംസ്ഥാനത്തിനായി കിന്‍ഫ്രയും കേന്ദ്രത്തിനായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവല്പ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും ചേര്‍ന്ന സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആണ് (എന്‍ ഐ സി ഡി ഐ ടി) പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് ഭൂമി കൈമാറാനുള്ള തീരുമാനവും എടുത്തു.

വ്യവസായ ഇടനാഴിക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് സംസ്ഥാനം വഹിക്കുകയും സമാനമായ തുക അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ വഹിക്കുകയും ചെയ്യണം. ഡി പി ആര്‍ തയ്യറാക്കുന്നതും കണ്‍സള്‍ട്ടന്‍സി നിര്‍വ്വഹിക്കുന്നതും സംയുക്ത സംവിധാനമാണ്. സംസ്ഥാനത്തിന്റെ നടപടികള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.



Sharing is Caring