കുറയ്‌ക്കേണ്ടത് ആത്മഹത്യയാണ്, കൊടികുത്തലല്ല മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി


തിരുവനന്തപുരം:കൊടികുത്തല്‍ സമരം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തത് എ.ഐ.വൈ.എഫ് കൊടി നാട്ടി പണി മുടക്കിയതിനാലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനക്ക് മറുപടിയായാണ് കാനത്തിന്റെ പ്രതികരണം.


നിയമവിരുദ്ധമായി വയല്‍ നികത്തിയതിനാണ് എ.ഐ.വൈ.എഫ് സമരം ചെയ്തതെന്നും നിയമവിരുദ്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കാനും ശരിയല്ലെന്ന് പറയാനും എല്ലാ ബഹുജന സംഘടനകള്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉള്ള നാടാണ് കേരളമെന്നും കാനം പറഞ്ഞു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് സി.പി.ഐ സമരത്തിന് ഇറങ്ങുന്നത്. കൊടികുത്തുന്നത് അല്ല, സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യയാണ് കുറച്ചുകൊണ്ടുവരേണ്ടത്. കൊടികുത്തരുതെന്ന് പറയുകയാണെങ്കില്‍ അത് എല്ലാ കൊടികള്‍ക്കും ബാധകമാകുന്നതുപോലെ സി.പി.ഐ.എമ്മിനും ബാധകമാണെന്നും കാനം പറഞ്ഞു.


സുഗതന്‍ ആത്മഹത്യ ചെയ്തത് എ.ഐ.വൈ.എഫ് കൊടിനാട്ടി പണി മുടക്കിയതിനാല്‍ ആണെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. നിയമലംഘനത്തിന്റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് കൊടിയെന്നും അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ പ്രധാന ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ എഐവൈഎഫും രംഗത്തെത്തിയിരുന്നു. കൊടിനാട്ടല്‍ മഹാ അപരാധമായാണ് മുഖ്യമന്ത്രി കാണുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു.



Sharing is Caring