കുടുംബശ്രീയുടെ ത്രിതല സംഘടനാസംവിധാനം സമയബന്ധിതമായി നവീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി അയല്‍ക്കൂട്ടം യോഗങ്ങള്‍ ചേര്‍ന്നു. ദിശ 2017 എന്ന പരിപാടിയില്‍ കുടുംബശ്രീയുടെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തി. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളിലെ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലം ജില്ലയിലെ കുലശേഖരപുരം പഞ്ചായത്തിലെ ഭാഗ്യം, കൈരളി അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ശാസ്തമംഗലത്തും മന്ത്രിമാരായ തോമസ് ഐസക് തിരുവനന്തപുരം ജില്ലയിലെ നെടുങ്കാട്ടും പട്ടത്ത് കടകംപള്ളി സുരേന്ദ്രനും എ കെ ബാലന് പാലക്കാട്ടും കെ ടി ജലീല്‍ മലപ്പുറത്തും തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു കരകുളം പഞ്ചായത്തിലും അയല്‍ക്കൂട്ടം യോഗങ്ങളില്‍ പങ്കെടുത്തു. 120 എംഎല്‍എമാരും തങ്ങളുടെ മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തു. സംസ്ഥാനത്തെ 2.5ലക്ഷം അയല്‍ക്കൂട്ടങ്ങളിലാണ് പ്രത്യേക ഗ്രാമസഭായോഗങ്ങള്‍ ചേര്‍ന്നത്.

അയല്‍ക്കൂട്ടം പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ സ്വയം തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് സമഗ്ര അയല്‍ക്കൂട്ടം നവീകരണത്തിന്റെ ലക്ഷ്യം. കാര്‍ഷിക-സൂക്ഷ്മസംരംഭ‘മേഖലകളില്‍ കുടുംബശ്രീ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താവുന്ന വിധത്തില്‍ കര്‍മപദ്ധതികള്‍ രൂപീകരിക്കും.













