ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ (ഐഒഎ) ആജീവനാന്ത പ്രസിഡന്റായുള്ള നിയമനം സുരേഷ് കല്‍മാഡി നിരസിച്ചു. കേന്ദ്രകായിക മന്ത്രാലയം അസോസിയേഷനു കാരണം കാണിക്കല്‍ നോട്ടീസയച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ”ആജീവനാന്ത അധ്യക്ഷ പദവിയിലേക്ക് നിര്‍ദേശിച്ച ഐഒഎയ്ക്കു എല്ലാ നന്ദിയുമറിയിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അത് അംഗീകരിക്കുന്നതിനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളിക്കളയപ്പെടുമെന്ന് എനിക്കുറപ്പാണ്. അതുവരെ ഈ സ്ഥാനം ഏറ്റെടുക്കുന്നില്ല” കല്‍മാഡി അറിയിച്ചു.
ചെന്നൈയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് കല്‍മാഡിയേയും മുന്‍ പ്രസിഡന്റ് അഭയ് സിങ് ചൗട്ടാലയേയും ആജീവനാന്ത അധ്യക്ഷ പദവിയിലേക്കു നിയമിച്ചത്.
എന്നാല്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെ ഐഒഎയുടെ നീക്കത്തിനെതിരെ എതിര്‍പ്പു ശക്തമായി. കല്‍മാഡിയെ തല്സ്ഥാനത്തുനിന്ന്് നീക്കിയില്ലെങ്കില്‍ അസോസിയേഷനുമായി സഹകരിക്കില്ലെന്ന് കേന്ദ്രകായിക മന്ത്രാലയം അറിയിച്ചു. ഇത് ഐഒഎയുടെ ഭരണഘടനയ്ക്ക് എതിരാണ്. അത് അംഗീകരിക്കാനാകില്ല. രണ്ടുപേര്‍ക്കുമെതിരെ അഴിമതിക്കേസുകളുണ്ട്. കായിക മേഖലയില്‍ സുതാര്യതയാണ് ആവശ്യം കായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.
2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിയുടെ പേരില്‍ കല്‍മാഡി പത്തു മാസക്കാലം ജയില്‍വാസമനുഭവിച്ചിരുന്നു. ജാമ്യത്തിലാണ് അദ്ദേഹം. 1996 മുതല്‍ 2011 വരെ ഐഒഎ പ്രസിഡന്റായിരുന്നു.













