കലോത്സവ ദിനങ്ങള്‍ രണ്ടുദിവസമായി ചുരുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി


ആലപ്പുഴ: വരും വര്‍ഷങ്ങളിലും സംസ്ഥാന സ്‌കൂള്‍ കലോത്സവ ദിനങ്ങള്‍ ചുരുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കലോത്സവ ദിനങ്ങള്‍ കഴിയുമെങ്കില്‍ രണ്ടുദിവസമായി ചുരുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു.


പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയില്‍ ഇക്കുറി മൂന്നു ദിവസം മാത്രമാണ് കലോത്സവം. ഈ വര്‍ഷം ഒരു അധ്യയനദിനം മാത്രമേ നഷ്ടപ്പെടുവെന്നത് നല്ല കാര്യമാണ്. ഈ വര്‍ഷത്തെ കലോത്സവം വിലയിരുത്തിയ ശേഷം അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ മാതൃക വരും വര്‍ഷങ്ങളിലും തുടരുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും പറഞ്ഞു.


കഴിഞ്ഞവര്‍ഷം തൃശൂരില്‍ നടന്ന സംസ്ഥാന കലോത്സവം അഞ്ചുദിവസമായിരുന്നു. മുന്‍കാലങ്ങളില്‍ ഒരാഴ്ചയോളമായിരുന്നു ഇത്. പലപ്പോഴും ചെലവ് ഒരുകോടിയിലെത്തിയിരുന്നു. ഇക്കുറി 41 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്.

ജില്ലാതല മത്സരങ്ങളില്‍ നിന്ന് വിജയിക്കുന്നവരുടെ രചനകള്‍ വിലയിരുത്തിയാണ് ഇക്കുറി സംസ്ഥാനതലത്തില്‍ രചനാ മത്സര വിജയികളെ തെരഞ്ഞെടുക്കുന്നത്. അതേ രീതി തന്നെയായിരിക്കും അടുത്ത വര്‍ഷവും. ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ രണ്ടുദിവസമായിരുന്നു. വരും വര്‍ഷവും ഇത് തുടരാനാണ് ആലോചന.



Sharing is Caring