ന്യൂഡല്‍ഹി: കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും കടുംപിടുത്തക്കാരെ കര്‍ശനമായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനില്‍ ഇന്ന് നടക്കുന്ന മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി നേതാക്കളുമായും നിരീക്ഷകരുമായും നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി ശക്തമായ നടപടിയെടുത്തിരുന്നു. മന്ത്രിസഭാ യോഗത്തിന് എത്താതിരിക്കുകയും പ്രതിപക്ഷ നേതാക്കളുമായി കൂട്ടുകൂടുകയും ചെയ്‌ത രമേശ് ജാര്‍കിഹോളിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയായിരുന്നു നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും വച്ച്‌പൊറുപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സൂചന നല്‍കിയുള്ളതായിരുന്നു ഈ നടപടി.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മന്ത്രി സഭയിലേക്ക് 23 മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടു. പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് രാഹുല്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. പരിചയ സമ്ബന്നരേയും ഉപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













