ഐസിസി ടെസ്റ്റ് റാങ്കിങ് കോഹ്‌ലിക്ക് മുന്നേറ്റം


പുതിയ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നേറ്റം. നേരത്തെ ആറാമതായിരുന്ന കോഹ്‌ലി ഒരു സ്ഥാനം മുന്നേറി അഞ്ചാമതെത്തി. നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം ഡേവിഡ് വാര്‍ണറെയാണ് കോഹ്‌ലി പിന്തള്ളിയത്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണ് കോഹ്‌ലിയെ മുന്നിലെത്തിച്ചത്. ഏകദിന, ട്വന്റി 20 റാങ്കിങ്ങില്‍ കോഹ്‌ലിയാണ് ഒന്നാമത്.


ടെസ്റ്റ് റാങ്കിങ്ങില്‍ നാലാമതുള്ള ചേതേശ്വര്‍ പൂജരയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍. കെ.എല്‍. രാഹുല്‍ എട്ടാം സ്ഥാനത്ത്. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഓപ്പണര്‍ ശിഖര്‍ ധവാന്‍ രണ്ട് സ്ഥാനം മുന്നേറി 28-ാമതെത്തി.


ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം പിന്നോട്ടിറങ്ങി മൂന്നാമതായി. ആര്‍. അശ്വിന്‍ നാലാമത്. ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണും ദക്ഷിണാഫ്രിക്കയുടെ രബാദയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഭുവനേശ്വര്‍കുമാര്‍ എട്ട് സ്ഥാനങ്ങള്‍ മുന്നേറി കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി.



Sharing is Caring