ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുക: ഇന്ത്യ


യുണൈറ്റഡ് നേഷന്‍സ്: ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പുനഃസംഘടിപ്പിണം എന്ന ആവശ്യവുമായി ഇന്ത്യ. തീവ്രവാദം, അഭയാര്‍ഥികളുടെ പ്രതിസന്ധികള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ
നേരിടുന്നതില്‍ ‘കൗണ്‍സിലിന്റെ പ്രാധാന്യം’ നിലനിര്‍ത്തണമെങ്കില്‍ ഉടന്‍ തന്നെ ഇത്തരം ഒരു പുനര്‍ നിര്‍മ്മാണം ആവശ്യമാണ് എന്നതാണ് ഇന്ത്യയുടെ പക്ഷം.


അഭയാര്‍ത്ഥി പ്രശ്നങ്ങളിലും, തീവ്രവാദം പോലെ രാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളില്‍ യു എന്‍-റെ സുരക്ഷാ കൗണ്‍സില്‍ കാണിക്കുന്ന അപാകതകളില്‍ നിന്നും കരകയറണമെങ്കില്‍ ഇത്തരം ഒരു നീക്കം ആവശ്യമാണ് എന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച നടന്ന സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ടില്‍ പങ്കെടുക്കവെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഐക്യരാഷ്ട്രസഭ പ്രതിനിധിയായ അംബാസഡര്‍ സയിദ് അക്ബറുദ്ദീനാണ് ഈ കാര്യം കൗണ്‍സിലിനെ ബോധിപ്പിച്ചത്.


നിലവിലെ സ്ഥിതിക്ക് യോജിക്കാത്ത നിലയിലുള്ള കൗണ്സിലിന്റെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണം. ഇതിന് ഒരു അഴിച്ചു പണി ആവശ്യമാണെന്നും, അങ്ങനെ മാത്രമേ ആഗോള തലത്തില്‍ ഉള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ ഇത്തരം അപാകതകളെ എത്രയും വേഗം ശരിയാക്കണം എന്നും അക്ബറുദ്ദീന്‍ കൂട്ടി ചേര്‍ത്തു.

അടുത്തിടെ സംഘടിപ്പിച്ച ജനറല്‍ അസംബ്ലിയില്‍ രാഷ്ട്രങ്ങള്‍ ഏറെ ഊന്നല്‍ നല്‍കിയ അഭയാര്‍ത്ഥി പ്രശ്നങ്ങളും, ഭീകരവാദ പ്രവര്‍ത്തനങ്ങളും ഒക്കെ പ്രാധാന്യത്തോടെ നോക്കിയെ മതിയാകൂ. പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്ന ഇത്തരം ഒരു സംഘടനയുടെ പ്രതിനിധികള്‍ ആണെന്നും വെറുതെ അഭിനയിക്കുന്നതില്‍ കാര്യമില്ലെന്നും അക്ബറുദ്ദീന്‍ അഭിപ്രായപ്പെട്ടു. പുതുതായി രൂപപ്പെടുത്തിയ ഒരു ബഹുമുഖ സംവിധാനമാണ് ഇപ്പോള്‍ ആവശ്യമെന്നും, ഇതിനായി രാഷ്ട്രങ്ങള്‍ ഒന്നായി നില്‍ക്കണം എന്നും അക്ബറുദ്ദീന്‍ രേഖപ്പെടുത്തി.



Sharing is Caring