ഐ.ഡി.ബി.ഐ. ബാങ്കിനെ ഏറ്റെടുക്കാന്‍ എല്‍.ഐ.സി.ക്ക് അനുമതി


ഹൈദരാബാദ്: കിട്ടാക്കടം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഐ.ഡി.ബി.ഐ. ബാങ്ക് വൈകാതെ എല്‍.ഐ.സി. നിയന്ത്രണത്തിലാകും. ബാങ്കിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്താന്‍ എല്‍.ഐ.സി.ക്ക്‌ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) യുടെ അനുമതി ലഭിച്ചു.ഏഴു വര്‍ഷത്തിനുള്ളില്‍ ഓഹരി പങ്കാളിത്തം 15 ശതമാനമായി കുറച്ചുകൊണ്ടുവരണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ, ബാങ്കിങ് രംഗത്തേക്ക് ചുവടുവയ്ക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് എല്‍.ഐ.സി.ക്ക്‌.


നിലവില്‍, 10.82 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍.ഐ.സി.ക്ക്‌ ഐ.ഡി.ബി.ഐ. ബാങ്കിലുള്ളത്. ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എല്‍.ഐ.സി.യെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നത്. എല്‍.ഐ.സി.ക്ക് 51 ശതമാനം പങ്കാളിത്തമാകുന്നതോടെ ഐ.ഡി.ബി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്കിനെപ്പോലെ സ്വകാര്യ ബാങ്കായി മാറും. നിലവില്‍ കേന്ദ്രസര്‍ക്കാരിന് 80.96 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഇത് 49 ശതമാനത്തിന് താഴെയാകും.


ഐ.ഡി.ബി.ഐ. ബാങ്കില്‍ എല്‍.ഐ.സി. 10,000-13,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നാണ് സൂചന. ഏറ്റെടുക്കലിന് ഇനി റിസര്‍വ് ബാങ്ക്, ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബി എന്നിവയുടെ അനുമതി കൂടി ആവശ്യമാണ്. പൊതുമേഖലാ ബാങ്ക് ആയതിനാല്‍ കേന്ദ്ര മന്ത്രിസഭയുടെയും അനുമതി വേണം.



Sharing is Caring