ഏകീകൃത സിവില്‍ കോഡ് :മുസ്ലീം ലീഗ് സെമിനാറിന് ക്ഷണിച്ചാല്‍ സിപിഐഎം പങ്കെടുക്കുമെന്ന് എം ഗോവിന്ദന്‍


ഏകീകൃത സിവില്‍ കോഡിനെതിരായ മുസ്ലീം ലീഗ് സെമിനാറില്‍ ക്ഷണിച്ചാല്‍ സിപിഐഎം പങ്കെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.


സെമിനാറിന് എത്താത്തത് കൊണ്ട് ലീഗിനോട് വിരോധമില്ലെന്നും പ്രതിനിധി ദീപക് ധര്‍മ്മടത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് കൊണ്ടാണ് അതിനെ ഇഎംഎസ് എതിര്‍ത്തതെന്നും അതേ കാരണം കൊണ്ട് തന്നെയാണ് തങ്ങളും എതിര്‍ത്തതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.


ഇന്ത്യയിലെബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡ് അടുത്ത ഇലക്ഷനെ ലക്ഷ്യം വച്ച് ബിജെപി എടുത്തിട്ട വിഷയമാണ്. ഏക സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടാകാം. എന്നാല്‍ ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എല്‍ഡിഎഫിലെ ഒരു കക്ഷിയുമായും സിപിഐഎമ്മിന് യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് എം വി ഗോവിന്ദന്‍ പറയുന്നു. വിഷയത്തില്‍ ഇടതുമുന്നണിയുടെ ധാരണകളും നിലപാടുകളും വ്യക്തമാണ്.

കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലെ നിലപാടില്‍ വ്യക്തതയില്ല. ജമാഅത്തി ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും ബന്ധമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് മുന്‍പുണ്ടായിരുന്ന നിലപാടുകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ല. ഇപ്പോള്‍ എന്താണ് പറയുന്നത് അതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring