എന്‍.ഐ.എയുടെ അന്വേഷണം ആരിലേക്കൊക്കെ എത്തിച്ചേരുമെന്ന് കരുതി പലര്‍ക്കും നെഞ്ചിടിപ്പ് തുടങ്ങിക്കാണും: കേന്ദ്രത്തിന്റേത് ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്താന്‍ എന്‍.ഐ.എ പറ്റില്ലെന്നും സി.ബി.ഐ ആകാമെന്നും പ്രതിപക്ഷ നേതാക്കള്‍ നിലപാടെടുക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും കുറ്റവാളികളെ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.


അതിന്റെ ഭാഗമായി മറ്റുവഴിക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിട്ടേ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ കാണേണ്ടതുള്ളൂ. മുന്‍പുള്ള കള്ളക്കടത്തുകള്‍ കൂടി അന്വേഷിക്കുമെന്ന് എന്‍.ഐ.എ പറഞ്ഞതായി കാണുന്നുണ്ടെന്നും അങ്ങനെ വരുമ്ബോള്‍ അന്വേഷണം ആരിലൊക്കെയാണ് എത്തിച്ചേരുക എന്ന നെഞ്ചിടിപ്പുകളും പലര്‍ക്കും വന്നു തുടങ്ങുന്നുണ്ടാകുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. വേണമെങ്കില്‍ നാടിന്റെ സാമ്ബത്തിക ഭദ്രതയെ തകര്‍ക്കുന്ന ഇത്തരം അതിതീവ്രമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക നിയമം വേണോ എന്ന് ആലോചിക്കാവുന്നതാണ്. അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പുതന്നെ എന്തുകൊണ്ടാണ്‌ഏജന്‍സി പറ്റില്ലെന്നെ പറയുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.


ആരംഭിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആലോചിക്കുന്നവരാണ് എന്‍ഐഎയെ എതിര്‍ക്കുന്നതെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നും അക്കാര്യത്തില്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യു.ഡി.എഫ് നേതാക്കളാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് ആന്റിജന്‍ ടെസ്റ്റിനെതിരെ വ്യാജപ്രചരണം നടത്തി. തെരുവില്‍ ഇറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് അവര്‍ പറഞ്ഞു. പൂന്തുറയിലെ പ്രശ്നം പൂന്തുറയിലേതെന്ന് പറയുന്നത് ജാഗ്രത ഉയര്‍ത്താണെന്നും ആരെയും വിഷമിപ്പിക്കാനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Sharing is Caring