തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ഡ്രൈവര്‍ ഗവാസ്‌കര്‍ രംഗത്ത്. എഡിജിപി ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണെന്നും നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ഗവാസ്‌കര്‍ ഒരു പ്രമുഖ മാധ്യമത്തോടു പറഞ്ഞു.
മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍നിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടതും.തനിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് ഇതിനു വഴങ്ങാത്തതിനാലെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം, എഡിജിപിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മറ്റു പോലീസുകാരും രംഗത്തെത്തി. ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരന്‍ ബിജുവിനെ എസ്‌എപി ക്യാംപില്‍ തടഞ്ഞിരുന്നു. സുധേഷ് കുമാറിന്റെ പട്ടിക്കുവേണ്ടി മീന്‍ വറുക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ഇത്. എല്ലാദിവസവും മീന്‍വാങ്ങി എസ്‌എപി ക്യാംപില്‍ വറുത്താണു കൊണ്ടുപോയിരുന്നതെന്നും പോലീസുകാര്‍ പറഞ്ഞു.

അതിനിടെ, എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. മര്‍ദിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഗവാസ്‌കറാണ് സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ പരാതി നല്‍കിയത്. ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പോലീസ് സംഭവം വിവാദമായതോടെ എഡിജിപിയുടെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്‌കറിനെതിരെയും എഡിജിപിയുടെ മകള്‍ പരാതി നല്‍കി.
തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുരേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പരാതിക്കാരനെതിരേ ചുമത്തിയിരിക്കുന്നത്. നേരത്തെ, പോലീസ് ഡ്രൈവറെ മര്‍ദിച്ചെന്നു പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബറ്റാലിയന്‍ എഡിജിപി സുധേഷിന്റെ മകളാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്.
ഫോണ്‍കൊണ്ട് കഴുത്തിന്റെ പിന്നില്‍ ഇടിച്ചെന്നാണ് പരാതി. ഏറെനാളായി ചീത്തവിളിയും ശകാരവും പതിവായിരുന്നെന്നും ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കഴുത്തിന് പിന്നില്‍ ചതവുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എഡിജിപിയുടെ മകളെയും ഭാര്യയും കൊണ്ട് പോലീസ് വാഹനത്തില്‍ രാവിലെ കനകുന്നിലെത്തിയതായിരുന്നു ഡ്രൈവര്‍ ഗവാസ്‌ക്കര്‍. വീട്ടില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഗവാസ്‌കര്‍ നേരത്തെ എഡിജിപിയോട് പരാതിപ്പെട്ടിരുന്നു.
ഇതില്‍ പ്രകോപിതരായ ഭാര്യയും മകളും യാത്രയിലുട നീളം തന്നോട് മോശമായി സംസാരിച്ചതായി ഗവാസ്‌ക്കര്‍ പറഞ്ഞു. കനകക്കുന്നിലെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ പോലീസ് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇത് നല്‍കിയില്ല. ഇതിനു ശേഷമാണ് എഡിജിപിയുടെ മകള്‍ മൊബൈല്‍ കൊണ്ട് ഇടിച്ചതെന്ന് ഗവാസ്‌ക്കര്‍ പറയുന്നു. കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.













