എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കില്ലെന്ന് ഗതാഗതി മന്ത്രി


തിരുവനന്തപുരം: എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കില്ലെന്ന് ഗതാഗതി മന്ത്രി എ.കെ.ശശീന്ദ്രന്‍. കണ്ടക്ടര്‍മാരായി പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചവരെല്ലാം ഇന്ന് എത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.


കെഎസ്ആര്‍ടിസിയെ കടുത്ത പ്രസിസന്ധിയിലാക്കുന്ന കോടതിവിധിയാണ് ഉണ്ടായത്. വിധി നടപ്പാക്കാന്‍ സാവകാശം ലഭിച്ചില്ല. കോടതി പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനെ നിയമം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നിയമന നടപടികളുമായി മുന്നോട്ടുപോകുന്നത്. 4051 പേരോട് ഇന്ന് ചീഫ് ഓഫീസില്‍ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ നാല് ബാച്ചുകളായാണ് അഭിമുഖം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഈ 4051 പേര്‍ക്കും ഇന്നുതന്നെ വരാന്‍ സാധിച്ചെന്ന് വരില്ല. പക്ഷെ ആ പ്രായോഗികതയൊന്നും കോടതി കണക്കിലെടുത്തില്ല.


പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് കെഎസ്ആര്‍ടിസി അയച്ച ഓര്‍ഡര്‍ കൈപ്പറ്റിയതിന് ശേഷമാണ് ഇവിടെ വരാന്‍ കഴിയുക. യോഗ്യതാ പട്ടികയിലുള്ളവര്‍ പല സ്ഥലങ്ങളിലായിരിക്കും. അതിനാല്‍ അവര്‍ക്ക് വരാന്‍ കഴിയില്ല. അതേസമയം നടപടി പൂര്‍ത്തിയാക്കി ഇന്ന് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രായോഗികമായി അത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നതാണ്. കെഎസ്ആര്‍ടിസിക്ക് മാത്രമല്ല അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. വല്ലാത്തൊരു കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതും നടപ്പാക്കാന്‍ സാവകാശം നല്‍കാത്തതുമായ വിധിയായിപ്പോയി ഇതെന്നും മന്ത്രി പറഞ്ഞു.



Sharing is Caring