ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യവുമായി താമരശേരി രൂപത. മാപ്പ് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നും സാമൂഹികാഘാത പഠനം നടത്തണമെന്നും ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ മലയോര ജനതയുടെ വേദന മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകിയതില്‍ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള അവകാശമേ ഞങ്ങള്‍ ചോദിക്കുന്നുള്ളു. അത് ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണം. രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെപ്പറ്റി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനജാഗ്രത യാത്രകള്‍ നാളെ തുടങ്ങുമെന്നും ബിഷപ്പ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. സുല്‍ത്താന്‍ ബത്തേരി നഗരമാകെ ബഫര്‍സോണ്‍ പരിധിയിലാണ് വരുന്നത്.
ഉപഗ്രഹ സര്‍വ്വേ ഭൂപടം സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചതോടെയാണ് മലയോരമേഖലയില്‍ ആശങ്ക ഉയര്‍ന്നത്. ഇതിനുപിന്നാലെയാണ് രൂപതയുടെ ഇന്നത്തെ പ്രതികരണം. വിഷയത്തില്‍ കോണ്‍ഗ്രസും യു ഡി എഫും രംഗത്തിറങ്ങിയതോടെ രാഷ്ട്രീയമായി തിരിച്ചടിക്കാന്‍ സി പി എമ്മും സര്‍ക്കാരും ശ്രമിക്കും. എന്നാല്‍ സഭകളുടെ ഇടപെടല്‍ വെല്ലുവിളിയാണ്.
ഉപഗ്രഹസര്‍വ്വേ അതേപടി അംഗീകരിക്കില്ലെന്നും ഫീല്‍ഡിലെത്തി ആക്ഷേപങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്നുമുള്ള ഉറപ്പാണ് സര്‍ക്കാര്‍ സഭയ്ക്ക് നല്കാന് ശ്രമിക്കുന്നത്. വിഴിഞ്ഞത്ത് ലത്തീന്‍ സഭ മാത്രമായിരുന്നു സമരത്തില്‍. ബഫര്‍സോണില്‍ ക്രിസ്തീയ സഭകളാകെ സര്‍ക്കാരിനെതിരെയുണ്ട്. ശക്തിയും സ്വാധീനവും കൂടുന്ന വിഷയമായതിനാല്‍ ബഫര്‍സോണ്‍ സര്‍ക്കാരിനെതിരായ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെയും നീക്കം.













