ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറു പൊലിസുകാര്‍ കുറ്റക്കാരെന്നു തിരുവനന്തപുരം സി.ബി.ഐ കോടതി. എ.എസ്.ഐ ജിതകുമാറിനും സീനിയര്‍ സിപിഒ: ശ്രീ കുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. മുന്‍ എസ്പി ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി അജിത്കുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. മൂന്നാം പ്രതി കെ.വി.സോമന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2005 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായ സെപ്റ്റംബര്‍ 27 നാണു മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയിലെടുത്തത്. പല കേസുകളിലും പ്രതിയായ സുരേഷ്‌കുമാറിനെ പാര്‍ക്കില്‍ കണ്ടതിലുള്ള സംശയമാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലിസിനു പ്രേരണയായത്. പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നു കണ്ടെത്തിയ 4,020 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. ഇതേ തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച് മൂന്ന് പൊലിസുകാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഉദയകുമാറിനെ കൊന്നശേഷം സ്‌റ്റേഷനിലെ എസ്.ഐ, സി.ഐ, ഫോര്‍ട്ട് അസി.കമ്മിഷണര്‍ എന്നിവര്‍ ഗൂഢാലോചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ പ്രതികളായില്ല. മാത്രമല്ല കേസിന്റെ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയും ചെയ്തു. ഇതേ തുടര്‍ന്ന് കേസില്‍ സി.ബി.ഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
തുടര്‍ന്ന് കേസിലെ 55 സാക്ഷികളില്‍ 34 പേരെ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിസ്തരിച്ച ശേഷം കേസ് തുടരന്വേഷണത്തിനായി സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു. കേരളത്തിന്റെ കുറ്റന്വേഷണ ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ച ആദ്യ കേസും ഇതാണ്. കസ്റ്റഡിയിലായ ഉദയകുമാര്‍ മരിച്ചതു തുടയിലെ രക്തധമനി പൊട്ടിയാണെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും മോഷണക്കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമത്തിനിടെയാണു മരണം സംഭവിച്ചതെന്നുമാണു സി.ബി.ഐയുടെ കണ്ടെത്തല്‍. സി.ബി.ഐ കോടതിയില്‍ വിചാരണക്കിടെ മൂന്നാം പ്രതി സോമന്‍ മരിച്ചു. കേസിലെ നാലാം പ്രതി ഫോര്‍ട്ട് സ്റ്റേഷനിലെ എ.എസ്.ഐ ശശിധരനെ സി.ബി.ഐ മാപ്പു സാക്ഷിയാക്കി. എ.എസ്.ഐ ഉള്‍പ്പെടെ ഫോര്‍ട്ട് സ്റ്റേഷനിലുണ്ടായിരുന്ന ആറ് പൊലിസുകാര്‍ മാപ്പു സാക്ഷികളായി മൊഴി നല്‍കി. 47 സാക്ഷികളില്‍ ഉദയകുമാറിനൊപ്പം പൊലിസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലിസുകാരനും കൂറുമാറിയിരുന്നു. വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളെല്ലാം കഴിഞ്ഞ 6ന് പൂര്‍ത്തിയായിരുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.













