ഇസ്രായേലിനെ സഹായിക്കാനായി മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങുകയാണ് യു. എസ്.കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചിരുന്നു. സംഭാഷണത്തില്‍ ബൈഡൻ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ഇസ്രായേലിനെതിരെ ഇറാൻ തിരിച്ചടി മുന്നില്‍കണ്ടാണ് യു.എസിന്റെ നീക്കം.പുതിയ സൈനിക വിന്യാസം നടത്തുന്നതുള്‍പ്പടെ ഇതിന്റെ ഭാഗമായി ഉണ്ടാവുമെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചു. അതേസമയം, ഏത് രീതിയിലുള്ള സൈനിക വിന്യാസമാണ് നടത്തുകയെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല.യു.എസ് സെൻട്രല്‍ കമാൻഡുമായി പെന്റഗണ്‍ ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് സൂചന. എന്നാല്‍, ഏത് തരത്തിലുള്ള അധിക സൈനികവിന്യാസമാണ് വേണ്ടതെന്ന് കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ ഗള്‍ഫ് ഓഫ് ഒമാനില്‍ യു.എസിന്റെ തിയോഡർ റൂസ്വെല്‍റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്.

വിമാനവാഹിനി കപ്പലടക്കമുള്ളവ ഇവരുടെ കൈവശമുണ്ട്. സംഘം ഏദൻ കടലിടുക്കിലേക്കോ മെഡിറ്റനേറിയൻ കടലിലേക്കോ നീങ്ങിയേക്കും.
ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായില്‍ ഹനിയ്യ ഇറാനില്‍ വെച്ച് വധിക്കപ്പെട്ടതോടെ ഇസ്രായേലിനെ ഇറാൻ ആക്രമിക്കാനുള്ള സാധ്യതകളേറിയിരുന്നു. ഇതേതുടർന്നാണ് യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലില്‍ സുരക്ഷയൊരുക്കാനായി കൂടുതല്‍ സൈനിക സന്നാഹങ്ങളൊരുക്കുന്നത്.













