ഇസ്രയേല്‍ ശക്തമായ കരയാക്രമണം വ്യാപിപ്പിച്ചതോടെ ഗാസയുടെ ഹൃദയ ഭാഗമായ ഗാസ സിറ്റി കത്തിയെരിഞ്ഞു.നഗരത്തിലേക്ക് ഇരച്ചുകയറിയ ആയിരക്കണക്കിന് ഇസ്രയേലി സൈനികരും പീരങ്കികളും വ്യോമസേനയും ഒരേ സമയം ആക്രമണം തുടരുകയാണ്. ഇന്നലെ 51 പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയില്‍ മാത്രം 38 പേർ. ഇതോടെ 24 മണിക്കൂറില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കടന്നു.സലാഹുദ്ദീൻ റോഡ് വഴി തെക്കൻ ഗാസയിലേക്ക് രക്ഷപെടാൻ ജനങ്ങള്‍ക്ക് വെള്ളിയാഴ്ച ഉച്ചവരെ ഇസ്രയേല്‍ സമയം നല്‍കിയിട്ടുണ്ട്. സുരക്ഷിതമെന്ന് അവകാശപ്പെടുന്ന പാതകള്‍ അടയാളപ്പെടുത്തിയ ഭൂപടവും ലഘുലേഖകളും ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ഗാസ സിറ്റിയിലുടനീളം നിക്ഷേപിച്ചു.

എന്നാല്‍ ആക്രമണത്തിനിടെ എങ്ങനെ രക്ഷപെടുമെന്ന് ജനം ചോദിക്കുന്നു.നഗരത്തിലെ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ച് ഹമാസ് അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ചൊവ്വാഴ്ച പലായനത്തിന് ശ്രമിച്ച വാഹനം ഇസ്രയേല്‍ ബോംബിട്ട് തകർത്ത് 5 പേർ കൊല്ലപ്പെട്ടിരുന്നു. തെക്ക്, വടക്ക് ഗാസയിലെസാഹചര്യങ്ങള്‍ ഗുരുതരമായി തുടരുകയാണ്.
വടക്കൻ ഗാസയില്‍ മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങളും തടസപ്പെട്ടു. ഇതിനിടെ, ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായി.ഗാസയില്‍ വംശഹത്യ നടത്തിയെന്ന ഐക്യരാഷ്ട്ര സഭ (യു.എൻ) റിപ്പോർട്ട് ഇസ്രയേല്‍ തള്ളി.
ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ താത്കാലികമായി മരവിപ്പിക്കാനും ഇസ്രയേലി മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ കമ്മിഷൻ ശുപാർശ ചെയ്തു. എന്നാല്‍ അംഗരാജ്യങ്ങളുടെ വേണ്ടത്ര പിന്തുണയില്ല.ചൊവ്വാഴ്ചയാണ് ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള കരയാക്രമണത്തിന് ഇസ്രയേല്‍ തുടക്കമിട്ടത്. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 65,060 ആയി.













