ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മരണം 200 കടന്നതായി റിപ്പോര്‍ട്ടുകള്‍. 200 ലേറെ പേര് മരിച്ചതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ കാടത്തമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ വിശേഷിപ്പിച്ചു. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനില്‍ നടന്നത്. ലബനനിലെ ബറാച്ചിത് പട്ടണത്തിന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ബെയ്റൂട്ട്, തെക്കന്‍ ലബനന്, കിഴക്കന്‍ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ജനത്തിരക്കുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 700 ലേറെ പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. മുന്നറിയിപ്പുകളൊന്നും കൂടാതെയായിരുന്നു ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചു വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലിന്റെ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ടയര്‍ നഗരത്തിലെ ജനവാസ മേഖലയിലുള്ള ഒരു ബഹുനില കെട്ടിടം സ്ഫോടനത്തില്‍ തകരുകയും സമീപത്തെ കെട്ടിടങ്ങള്‍ പുകപടലങ്ങളാല് മൂടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലെബനനില്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.













