പാരീസ്: ഇറ്റാലിയന്‍ ഇതിഹാസം ബുഫണ്‍ ഉടന്‍ പിഎസ്ജിയിലേക്ക്. ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ യുവെന്റ്‌സുമായുള്ള പതിനേഴു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അദ്ദേഹം പിഎസ്ജിയിലേക്കെത്തുന്നത്. ഇറ്റലിയില്‍ നിന്നും പാരിസില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബുഫണ്‍ ഒരാഴ്ചയ്ക്കുള്ളില്‍ മെഡിക്കലും മറ്റു നടപടിക്രമങ്ങള്‍ക്കും ശേഷം പിഎസ്ജിയിലേക്കുള്ള വരവ് ഒഫീഷ്യലായി അറിയിക്കും. ഒരു സീസണില്‍ എട്ട് മിലന്‍ യൂറോയാണ് (ഏകദേശം 63 കോടി രൂപ) പിഎസ്ജി ബുഫണിനു വാഗ്ദാനം ചെയ്തിരുന്നത്.
ഇറ്റാലിയന്‍ സീരി എയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരുടെ പട്ടികയില്‍ 608 കളികളുമായി നാല്പതുകാരനായ ബുഫണാണ് രണ്ടാമത്. ഏറ്റവും കൂടുതല്‍ മിനുട്ടുകള്‍ ഗോള്‍ വഴങ്ങാതെ കളിക്കളത്തില്‍ ചെലവഴിച്ച ഗോളി എന്ന റെക്കോര്‍ഡും ഒരു സീസണില്‍ 21 ക്ലീന്‍ഷീറ്റ് എന്ന റെക്കോര്‍ഡും ബുഫണിന്റെ പേരിലാണ്.














