ന്യുഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ താനിപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേനെയെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. എന്നാല്‍ താനായിട്ട് ബി.ജെ.പി വിട്ടു പോകില്ലെന്നും സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രിയില്‍ നിന്ന് എന്തെങ്കിലും പഠിച്ചോ എന്ന ചോദ്യത്തിന് രാവണനില്‍ നിന്ന് പോലും നമുക്ക് പലതും പഠിക്കാനാകും എന്ന് അദ്ദേഹം പ്രതികരിച്ചു. മോദിയുടെ ഊര്‍ജ്ജം കണ്ട് പഠിക്കേണ്ട ഒന്നാണ്. ബി.ജെ.പിയുമായി തന്റെ ബന്ധം മധുരവും പുളിപ്പും കലര്‍ന്നതാണ്. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ്. ബി.ജെ.പിയാല്‍ തന്റെ റോള്‍ അത്തരത്തിലൊന്നാണ്. അടല്‍ ഭിഹാരി വാജ്പേയിയുടെ ഭരണകാലത്ത് ബി.ജെ.പിയുടേത് ജനാധിപത്യ ഭരണമായിരുന്നു. ഇപ്പോഴുള്ള ഭരണത്തിന് കുറെ കൂടി ഏകാധിപത്യ സ്വഭാവമാണ്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങള അര്‍ദ്ധരാത്രിയില്‍ രഹസ്യമായാണ് നടപ്പിലാക്കുന്നതെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ശത്രുഘ്നന്‍ സിന്‍ഹ ചേര്‍ത്തു.
സര്‍ക്കാര്‍ സി.ബി.ഐയെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന കോണ്‍ഗ്രസ് നിലപാട് സിന്‍ഹ ശരി വച്ചു. അധികാരത്തിനായുള്ള തര്‍ക്കമല്ല മറിച്ച് റാഫേല്‍ വിവാദം മറച്ചു വയ്ക്കാനുള്ള നിക്കമാണ്. റാഫേല്‍ കരാറിന് മേലുള്ള ആരോപണങ്ങളില്‍ മൗനം വെടിയണവെന്ന് താന്‍ രണ്ട് തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ പാട്നാ സാഹിബില്‍ നിന്ന് തന്നെ മത്സരിക്കും. എന്നാല്‍ ഏത് പാര്‍ട്ടിക്കൊപ്പം മത്സരിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രതിപക്ഷ നേതാക്കളുമായി സിന്‍ഹയ്ക്കുള്ള അടുപ്പം ബി.ജെ.പി വൃത്തങ്ങളുല് നിന്ന് വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു.
അരവിന്ദ് കെജ്രിവാള്, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി സിന്‍ഹ അടുത്തിടയായി വേദി പങ്കിട്ടിരുന്നു.













