ആള്‍ ഇന്ത്യാ റേഡിയോയേക്കാളും പ്രചാരം തങ്ങള്‍ക്കുണ്ട്; അവകാശവാദവുമായി ആര്‍എസ്‌എസ്


ദില്ലി: ഇന്ത്യയില്‍ ആള്‍ ഇന്ത്യാ റേഡിയോയേക്കാളും പ്രചാരം തങ്ങള്‍ക്കുണ്ടെന്ന അവകാശവാദവുമായി ആര്‍എസ്‌എസ് രംഗത്ത്. ആള്‍ ഇന്ത്യാ റേഡിയോയ്ക്ക് 92 ശതമാനം പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ പ്രചാരം ഉള്ളത്. എന്നാല്‍ ആര്‍എസ്‌എസിന് 95 ശതമാനത്തോളം പ്രചാരം ഉണ്ടെന്നാണ് ആര്‍എസ്‌എസ് കണക്കുകള്‍ പ്രകാരം വ്യക്തമാക്കുന്നത്.


നാഗ്പൂരില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ആര്‍എസ്‌എസിന്റെ ശാഖകളില്‍ ഉണ്ടായ വര്‍ധനവിനെക്കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യയില്‍ ആര്‍എസ്‌എസിന് 58,976 ശാഖകള്‍ ഉണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.


നാഗാലാന്റ്, മിസോറാം, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ആര്‍എസ്‌എസിന് ശാഖകള്‍ ഇല്ലാത്തതെന്ന് ആര്‍എസ്‌എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞു. ബാക്കിവരുന്ന 95ശതമാനം പ്രദേശങ്ങളിലും ആര്‍എസ്‌എസിന് പ്രചാരമുണ്ടെന്നും കൃഷ്ണ ഗോപാല്‍ വ്യക്തമാക്കി. ആള്‍ ഇന്ത്യാ റേഡിയോയ്ക്ക് രാജ്യത്ത് 262 കേന്ദ്രങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

2004 ല്‍ ബിജെപി ഇന്ത്യയില്‍ അധികാരത്തിലേറിയപ്പോള്‍ 10,000 ശാഖകള്‍ മാത്രമാണ് ആര്‍എസ്‌എസിന് ഉണ്ടായിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും 2014 ല്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴേക്കും അത് 40,000 മായി ഉയര്‍ന്നിരുന്നു. 2017 മാര്‍ച്ചില്‍ 57,165 ശാഖകളാണ് ആര്‍എസ്‌എസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അത് 58,976 എണ്ണമായി മാറി.



Sharing is Caring