ആര്‍എസ്‌എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനില്‍ കുമാര്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍


കൊച്ചി: ആര്‍എസ്‌എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനില്‍ കുമാര്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. കൊളത്തൂര്‍ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. യൂസഫലിയെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവര്‍ മൂന്നായി.


ആറാം പ്രതിയായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ പ്രവര്‍ത്തകന്‍ പാലയൂര്‍ കറുപ്പംവീട്ടില്‍ മൊയ്‌നുദ്ദീന്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. സുനില്‍ വധക്കേസിലെ ഒമ്ബതുപ്രതികളില്‍ അഞ്ചുപേര്‍ തൃശൂര്‍ സ്വദേശികളാണ്. രണ്ടുപേര്‍ പാലക്കാട് സ്വദേശികളും, മറ്റ് രണ്ടുപേര്‍ മലപ്പുറം സ്വദേശികളുമാണ്. പുലാമന്തോള്‍ സ്വദേശിയാണ് കേസിലെ ഒന്നാം പ്രതി. ചെറുതുരുത്തി, പള്ളം, വാടാനപ്പള്ളി, ചളിങ്ങാട്, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ പ്രവര്‍ത്തകരാണ് തൃശൂരില്‍നിന്നുള്ള യഥാര്‍ഥ പ്രതികള്‍.


കേസില്‍ ആദ്യം അറസ്റ്റുചെയ്ത പ്രതികളെ ഹൈക്കോടതി വെറുതെവിട്ടതോടെ, യഥാര്‍ഥ പ്രതികളില്‍ പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്നു. കേസില്‍ തുടരന്വേഷണമുണ്ടാകില്ലെന്ന ധാരണയിലാണ് പലരും നാട്ടിലേക്ക് തിരിച്ചുവന്നത്. കേസിലെ രണ്ട് പ്രതികള്‍ ഇപ്പോഴും വിദേശത്തുണ്ട്. ഒരാള്‍ മറ്റു വിവിധ കേസുകളില്‍പെട്ട് ജയിലില്‍ കഴിയുകയാണ്.

1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ പത്തോളം പേരടങ്ങുന്ന സംഘമാണ് സുനില്‍കുമാറിന്റെ വീട്ടിലേക്ക് ഇരച്ചുകയറി കൊല നടത്തിയതെന്ന് അമ്മയും സഹോദരനും അടക്കമുള്ളവര്‍ അന്നുതന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു. സുനിലിനെ വെട്ടി കൊലപ്പെടുത്തിയശേഷം, അച്ഛന്‍ കുഞ്ഞുമോന്റെ ഇടതുകൈ വിരലും സഹോദരന്‍ സുബ്രഹ്മണ്യന്റെ ഇടതുകൈയും ജം ഇയ്യത്തുല്‍ ഇസ്ഹാനിയ പ്രവര്‍ത്തകര്‍ അറുത്തെടുത്തു. മകനെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ കുഞ്ഞീമ്മയുടെ നെഞ്ചത്തും കൈയിലും കാലിലും വെട്ടി. സഹോദരി പ്രീതിയുടെ തലയിലും പുറത്തും വെട്ടി. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ഇവര്‍ക്ക് ഏറെനാളത്തെ ചികിത്സ വേണ്ടിവന്നു.



Sharing is Caring