ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്; ഫലപ്രഖ്യാപനം 24ന്


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍.കെ.നഗറിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം.


ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്‍.കെ.നഗര്‍ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ 31നകം പ്രതിനിധിയെ കണ്ടെത്തണമെന്ന് മൂന്ന് ദിവസം മുമ്പ് മദ്രാസ് ഹൈക്കാടതി കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കമ്മീഷന്‍ തിടുക്കത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യപിച്ചത്.


2016 ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിതയുടെ മരണം. തുടര്‍ന്ന് ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടികള്‍ വന്‍തുക ചെലവാക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

ചിഹ്നമടക്കം പല വിവാദങ്ങളുമുയര്‍ന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നീണ്ടു പോവുകയും ചെയ്തു. അതിനിടെ, രണ്ടില ചിഹ്നം ഇ.പി.എസ്- ഒ.പി.എസ് സഖ്യത്തിനാണെന്ന കഴിഞ്ഞ ദിവസം കമ്മീഷന്‍ പ്രഖ്യാപിരുന്നു.

ടി.ടി.വി ദിനകരന്‍ കഴിഞ്ഞ ദിവസം തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക അണ്ണാ ഡി.എം.കെ പക്ഷത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇ.പളനിസ്വാമി- ഒ.പനീര്‍സെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്.



Sharing is Caring