ആരോഗ്യത്തിന് യാതൊരു പ്രശ്നങ്ങളുമില്ല ; അപ്പോളോ ആശുപത്രിയില്‍ നടത്തിയത് പതിവു പരിശോധനയെന്നും മുഖ്യമന്ത്രി


തിരുവനന്തപുരം: തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ആ തരത്തിലുള്ള പ്രചരണം നടത്തുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


തല്‍കാലം തന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്നങ്ങളുമില്ല. പതിനഞ്ച് വര്‍ഷമായി നടത്തിവരുന്ന പരിശോധനകള്‍ മാത്രമാണ് ആശുപത്രിയില്‍ നടത്തിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പതിവു ചെക്കപ്പിനായി പോയ മുഖ്യമന്ത്രിയുടെ ബ്ലഡ് കൗണ്ടില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. മുഖ്യമന്ത്രിയുടെ ഒാഫീസും ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.


അതേസമയം ഇന്നലെ പുറത്തുവന്ന ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്‌ പാര്‍ട്ടി കമ്മറ്റികള്‍ക്ക് ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.



Sharing is Caring