പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദര്രാജന്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ആയുഷ്മാന്‍ ഭാരത് പ്രഖ്യാപിച്ചതിന്റെ പേരിലാണ് മോദിയെ 2019ലെ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യുകയെന്ന് തമിഴിസൈ പത്രക്കുറിപ്പില്‍ പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രധാനമന്ത്രിയുടെ പുതിയ നീക്കം ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കും, പ്രത്യേകിച്ച് ദുര്‍ബലരുടെയും അശരണരുടെയും. തന്റെ ഭര്‍ത്താവും ഒരു സ്വകാര്യ സര്‍വകലാശാലയില്‍ വകുപ്പു മേധാവിയും നെഫ്രോളജി കണ്‍സള്‍ട്ടന്റുമായ ഡോ.പി.സൗന്ദര്‍രാജനും മോദിയെ പുരസ്കാരത്തിനു ശിപാര്‍ശ ചെയ്യുമെന്ന് തമിഴിസൈ അറിയിച്ചു. രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നത് എന്ന പേരിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.

ലോകത്തെ മറ്റൊരു രാജ്യത്തിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇത്രവലിയ പദ്ധതിയില്ലെന്നും കാനഡ, മെക്സിക്കോ, യുഎസ് എന്നീ രാഷ്ട്രങ്ങളുടെ മൊത്തം ജനസംഖ്യയുടെ അത്രയും ജനങ്ങളെ പദ്ധതി ഉള്‍ക്കൊള്ളുന്നതായും മോദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 60 ശതമാനം ചെലവ് കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാനങ്ങളുമാണു വഹിക്കേണ്ടത്.
പക്ഷേ കേരളം, ഒഡിഷ, ഡല്‍ഹി, പഞ്ചാബ്,തെലങ്കാന സംസ്ഥാനങ്ങള്‍ പദ്ധതിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ്. പദ്ധതി വലിയ തട്ടിപ്പാണെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്രയും വമ്പന്‍ പദ്ധതിക്ക് എവിടെനിന്നാണു പണം കണ്ടെത്തുകയെന്നായിരുന്നു ഐസക്കിന്റെ ചോദ്യം. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി 1,354 ആരോഗ്യ പാക്കേജുകളാണുള്ളത്.













