കെ കെ ജയേഷ്
പുതുമുഖ സംവിധായകന്… കുറേ പുതുമുഖ നടന്മാര്.. ചെറിയ ബജറ്റില്‍ ഒരു ചിത്രം.. സെക്കന്റ് ഷോ.. വഴികള്‍ പലതുണ്ടായിട്ടും മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു. ഒരു സീനില്‍ പോലും മമ്മൂട്ടി പ്രത്യക്ഷപ്പെടാതിരുന്ന ഈ ചെറു ചിത്രത്തിലൂടെ ദുല്‍ഖര്‍ തകര്‍ത്ത് കടന്നുവന്നു.. പിന്നെ ഇമേജുകളുടെ ഭാരമില്ലാതെ വന്‍ബജറ്റ് ചിത്രങ്ങളിലെത്തുമ്പോള്‍ തന്നെ പറവ പോലുള്ള സിനിമകളില്‍ ചെറു വേഷങ്ങളിലുമെത്തി..
സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന് പ്രണവിന്റെ അരങ്ങേറ്റം പക്ഷെ വ്യത്യസ്തമായിരുന്നു.. ആശിര്വാദെന്ന വലിയ ബാനറിന് കീഴില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ജീത്തുജോസഫിന്റെ സംവിധാനത്തില്‍ ഒരു ചിത്രം.. വലിയ പരസ്യങ്ങളും കൊട്ടിഘോഷിക്കലുമെല്ലാം നടത്തി പരമാവധി ഉയരത്തിലേക്ക് റിലീസിംഗിന് മുമ്പേ തന്നെ ചിത്രത്തെ എത്തിച്ചു. പിന്നെ ആഘോഷപ്പൊലിമയില്‍ റിലീസിംഗും.. ഒരു സീനില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട് സാക്ഷാല്‍ മോഹന്‍ലാലും മകന് പിന്തുണയേകി.. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ: റോയിലെ ഉള്‍പ്പെടെ അഭിനയിപ്പിച്ച്.. സുരക്ഷിത സോണില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. പക്ഷെ രാജകീയമായ അരങ്ങേറ്റത്തിന് താരപുത്രനെ ഒരുക്കിയ സംവിധായകന് പക്ഷെ ജീത്തു ജോസഫ് പക്ഷെ അതീവ ദുര്‍ബലമായ ഒരു തിരക്കഥയിലാണ് താരപുത്രനെ കെട്ടിയിറക്കിയതെന്ന് പറയാതെ വയ്യ. ലളിതമായി തുടങ്ങിയ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സിലേക്ക് കടന്ന ദൃശ്യം ഉള്‍പ്പെടെയുള്ള ചിത്രങ്ങളൊരുക്കിയ ജീത്തുജോസഫിന്റെ വെറുമൊരു ശരാശരി ചിത്രം മാത്രമായി ആദി മാറുന്നു. ലളിതമെങ്കിലും തരക്കേടില്ലാത്ത ഒന്നാം പകുതിയിലും ലക്ഷ്യബോധം നഷ്ടപ്പെട്ട രണ്ടാം പകുതിയും ചേര്‍ന്നതാണ് ആദി. ക്ലൈമാക്സ് രംഗങ്ങളൊക്കെ സൂപ്പര്‍ കത്തിയാണ്. ആവര്‍ത്തന വിരസമായ രംഗങ്ങള്‍ കാരണം ലെനയുടെ പ്രകടനത്തെ രണ്ടാം പകുതിയില്‍ കാണികള്‍ കൂവുന്നതും കാണാമായിരുന്നു. പക്ഷെ ഈ പോരായ്മകളൊന്നും ചിത്രത്തിന്റെ വിജയത്തിനെ ബാധിക്കുമെന്ന് തോന്നുന്നില്ല. താരപുത്രന്റെ അരങ്ങേറ്റം ആഘോഷിക്കാനുള്ള വകുപ്പൊക്കെ ഈ ചിത്രത്തില്‍ ജീത്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അച്ഛനും മകനും പരസ്പരം കാണുന്നതുള്‍പ്പെടെ.
ജീത്തു ജോസഫിന്റെ ദൃശ്യം എന്ന ചിത്രം നോക്കുക. പതിഞ്ഞ താളത്തില്‍ തുടങ്ങി ഒരു ത്രില്ലറിന്റെ വേഗം ആര്‍ജ്ജിച്ച് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് അവസാനിച്ച ചിത്രമായിരുന്നു അത്. അതിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ ചിത്രങ്ങളൊന്നും ശരാശരിയ്ക്ക് മുകളിലേക്ക് ഉയര്‍ന്നില്ല. ദൃശ്യം പോലെ ലളിതമായ ഒരു കുടുംബ കഥ പറഞ്ഞുകൊണ്ടാണ് ആദിയും തുടങ്ങുന്നത്. തുടര്‍ന്ന് കഥയെ ബംഗ്ളൂരുവിലേക്ക് എത്തിച്ച് പതിയെ ഒരു ത്രില്ലര്‍ മൂഡിലേക്ക് എത്തിക്കാനാണ് ജീത്തുവിന്റെ ശ്രമം. എന്നാല്‍ തീര്‍ത്തും ദുര്‍ബലമായ തിരക്കഥയില്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു എന്ന് പറയേണ്ടിവരും. സംഗീത സംവിധായകനാവാന്‍ ആഗ്രഹിക്കുന്ന ആദ്യത്യ മോഹന്‍ എന്ന യുവാവായാണ് പ്രണവ് വേഷമിടുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം എന്ന പാട്ട് പാടിക്കൊണ്ടാണ് പ്രണവിനെ തുടക്കം കാണിക്കുന്നത്. ഗിറ്റാര്‍ മീട്ടിപ്പാടുന്ന ആദിയുടെ ആദ്യ രംഗം തന്നെ പ്രേക്ഷകരെ ആവേശപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് ആദിയും അച്ഛനും തമ്മിലുള്ള ബന്ധവുമെല്ലാം നല്ല രീതിയില്‍ തന്നെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു .
പിന്നീട് പിതാവിന്റെ ആവശ്യപ്രകാരം ഒരു കാര്‍ ബംഗളൂരുവില്‍ എത്തിച്ചു നല്കാന് യാത്ര പുറപ്പെടുന്ന ആദി വലിയ പ്രശ്നങ്ങളില്‍ ചെന്ന് ചാടുന്നതും അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവന് നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൊലീസും ഗുണ്ടകളും തിരച്ചില്‍ നടത്തുമ്പോള്‍ അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ആദി കഠിന പ്രയത്നം നടത്തുകയാണ്. ഇതിനിടയില്‍ ആദിയുടെ വീട് കാണിച്ച് സെന്റിമെന്റ്സ് കൊഴിപ്പിക്കാനും സംവിധായകന്റെ ശ്രമമുണ്ട്. എന്നാല്‍ ഒരേ രംഗങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന ഈ രംഗങ്ങളില്‍ ലെന നിലവാരമില്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോള്‍ തീര്‍ത്തും വിരസതയാണ് പ്രേക്ഷകര്‍ അനുഭവിക്കുന്നത്. ഫറഫുദ്ദീന്, അനുശ്രീ എന്നിവരുടെ കഥാപാത്രങ്ങളാണ് ബംഗ്ളൂരുവിലെ സംഘര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് ആശ്വാസമാകുന്നത്. എന്നാല്‍ അവസാനം നാരായണ റെഡ്ഡിയുടെ വലിയ ബാങ്ക് കെട്ടിടത്തിലേക്ക് ആദി കയറിപ്പറ്റുന്ന രംഗങ്ങളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമെല്ലാം ബോറന് രംഗങ്ങള്‍ എന്നേ പറയേണ്ടതുള്ളു. അത്രയധികം അവിശ്വസനമീയമായ കാഴ്ചകളാണ് ക്ലൈമാക്സ് രംഗങ്ങളില്‍ ജീത്തു ജോസഫ് തുന്നിപ്പിടിപ്പിച്ചിരിക്കുന് നത്.
കെട്ടിഘോഷിക്കലുകള് മാറ്റി നിര്‍ത്തിയാല്‍ പ്രണവ് ഉയരത്തിലെത്തേണ്ടുന്ന നടനാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് പ്രണവിന്റേത്. ഡയലോഗ് ഡെലിവറിയില്‍ ഉള്‍പ്പെടെയുള്ള ചില പോരായ്മകള്‍ മറികടക്കാന്‍ സാധിച്ചാല്‍ പ്രണവ് പുതിയ താരോദയം തന്നെയാവും..വലിയൊരു വില്ലനെന്ന തരത്തില്‍ കൊണ്ടുവുന്ന ജഗപതി ബാബുവിന്റെ കഥാപാത്രമെല്ലാം അവസാനം ഒന്നുമല്ലാതെ ആവുന്നുണ്ട്. കഥയവസാനിപ്പിക്കാന്‍ പലവിധ തട്ടിക്കൂട്ട് വേലകള്‍ കാട്ടിയാണ് ജീത്തുജോസഫ് അവസാനം പിടിച്ചു നില്‍ക്കുന്നത്. താരപുത്രനായതുകൊണ്ട് മാത്രം കയ്യടിക്കുന്ന ഫാന്‍സുകാര്‍ പുതിയ മോഹന്‍ലാലിനെയാണ് പ്രണവില്‍ കാണുന്നത്. അവര്‍ പ്രതീക്ഷിക്കുന്ന അനുകരണ വീഥിയിലേക്ക് പോകാതിരുന്നാല്‍ പ്രണവിലൂടെ മികച്ചൊരു നടനെ മലയാള സിനിമയ്ക്ക് ലഭിക്കുമെന്നത് തീര്‍ച്ചയാണ്. സെക്കന്റ് ഷോയിലൂടെ അമിത പ്രതീക്ഷകളൊന്നുമില്ലാത അരങ്ങേറിയ ദുല്‍ഖറിന്റെ പാത തന്നെയായിരുന്നു പ്രണവിനും നല്ലത്. ഇതിപ്പം ആന്റണി പെരുമ്പാവൂര്‍ നയിച്ച വഴിയിലൂടെ പോയി യാതൊരു വെളിപാടുമില്ലാത്ത കഥാപാത്രങ്ങളിലൂടെ കോടികളിലേക്ക് കുതിക്കുന്ന ലാലേട്ടന്റെ അവസ്ഥ പ്രണവിന് തുടക്കം തന്നെ വരാതിരിക്കട്ടെ..













