ആഞ്ചലോ മാത്യൂസിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു


ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ആഞ്ചലോ മാത്യൂസിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. ടെസ്റ്റ് ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലിനാണ് ഏകദിന നായക പദവിയും ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലും ചാണ്ഡിമല്‍ ലങ്കയെ നയിക്കും.


സ്വന്തം നാട്ടില്‍ സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരന്പരയിലെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മാത്യൂസ് ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ പദവില്‍ ഒഴിഞ്ഞിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ജനുവരിയില്‍ മാത്യൂസിനെ വീണ്ടും ഏകദിന നായക പദവി ലങ്ക ഏല്പിച്ചു. പക്ഷേ, ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോടും അഫ്ഗാനിസ്ഥാനോടും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ ലങ്ക പുറത്തായതോടെയാണ് 31 വയസുകാരനായ മാത്യൂസിന്‍റെ നായക പദവി വീണ്ടും തെറിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ ഏകദിന ക്രിക്കറ്റില്‍ ലങ്ക നിരവധി ക്യാപ്റ്റന്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചമര കപുഗേദര, തിരാസ പെരേര, ഉപുല്‍ തരംഗ, ലസിത് മലിംഗ എന്നിവരെയെല്ലാം ലങ്ക നായകനായി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.


ഒക്ടോബര്‍ പത്തിന് ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ പര്യടനം തുടങ്ങുകയാണ്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്‍റി-20യും മൂന്ന് ടെസ്റ്റുകളുമാണ് പരന്പരയിലുള്ളത്. ഇതിന് മുന്നോടിയായിട്ടാണ് ദിനേശ് ചാണ്ഡിമലിനെ നായക സ്ഥാനത്തേക്ക് ലങ്ക അവരോധിച്ചത്.



Sharing is Caring