ദളിതരെയും മുസ്ലിങ്ങളെയും വേട്ടയാടിയ ശേഷം അവരിപ്പോള്‍ കുട്ടികളേയും തേടിയെത്തിയെന്നും ഇനി മിണ്ടാതിരിക്കരുതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
പത്മാവദ് സിനിമയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കര്‍ണി സേനാ പ്രവര്‍ത്തകര്‍ സ്കൂള്‍ ബസ് അക്രമിച്ചു തകര്‍ത്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു കെജ്രിവാള്.

രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷം നടത്താനിരിക്കുന്നതിന്റെ മണിക്കൂറുകള്ക്കുമുന്നെയാണ് ഒരു സ്കൂള്‍ ബസ് തന്നെ അക്രമിക്കപ്പെട്ടത്. രാജ്യത്തിന് ഇത് നാണക്കേടാണെന്നും കെജ്രിവാള് പ്രതികരിച്ചു.
എനിക്ക് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് ഇനി ഒരു നിമിഷം പോലും നിശബ്ദരായിരിക്കാന്‍ പാടില്ലെന്നാണ്. കുട്ടികളെ അക്രമിച്ച് അവര്‍ നമ്മുടെ വീടിനുള്ളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനി ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം രാമന്റെയും, കൃഷ്ണന്റെയും, ഗൗധമ ബുദ്ധന്റേയും, ഗുരുനാനാക്കിന്റെയും, കബീറിന്റെയും മീരയുടെയുമെല്ലാം നാടാണ്. വ്യത്യസ്ഥ മതത്തിലും ജാതിയിലും വിശ്വസിക്കുന്നവര്‍. ഇതില്‍ ഏത് മതമാണ് കുട്ടികള്‍ക്കെതിരെ അക്രമം നടത്തണമെന്ന് പറയുന്നതെന്ന് അക്രമകാരികള്‍ വ്യക്തമാക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
ജനങ്ങള്‍ അവരുടെ രാജ്യത്തെ സ്നേഹിക്കുന്നുണ്ട്. ആവര്ക്കാവശ്യം സ്നേഹവും സമാധാനവുമാണ്. രാവണനെ രാമന് ശിക്ഷിച്ചതിനേക്കാള് കഠിനമായി അക്രമം നടത്തിയവരെ സര്‍ക്കാര്‍ ശിക്ഷിക്കുമെന്നും കെജ്രിവാള് ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പത്മാവദ് റിലീസിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹി ഗുഡ്ഗാവില്‍ കര്‍ണി സേന പ്രവര്‍ത്തകര്‍ സ്കൂള്‍ ബസ്സിന് നേരെ അക്രമം അഴിച്ചുവിട്ടത്. ജി.ഡി ഗോയങ്ക വേള്‍ഡ് സ്കൂള്‍ ബസ്സിനു നേരെ നടന്ന അക്രമത്തില്‍ ബസ്സിന്റെ ചില്ലുകള്‍ അടിച്ച് പൊളിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു.













