ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെയും പ്രിയ പുത്രൻ ഇസ്മായിൽ നബിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ ഒരിക്കൽ കൂടി പുതുക്കി അഷ്ടദിക്കുകളിൽ നിന്നെത്തിയ ജനലക്ഷങ്ങൾ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളുടെ പാദസ്പർശനം കൊണ്ട് അനുഗ്രഹീതമായ അറഫയിൽ സംഗമിച്ചതോടെ ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് പരിസമാപ്തിയായി. സൂര്യസ്ഥമായത്തോടെ ഹാജിമാർ അറഫയിൽനിന്നു 10 കിലോമീറ്റർ അകലെയുള്ള മുസ്തദലിഫയിലേക്ക് നീങ്ങി. ഇന്ന് ഹാജിമാർ അവിടെ രാപ്പാർക്കും.
ഹജ്ജിന്റെ മൂന്നാം ദിനമായ ബലിപെരുന്നാൽ ദിനത്തിൽ ജംറയിൽ എറിയുവാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് ഹാജിമാർ ശേഖരിക്കുക. ഞായറാഴ്ച സുബഹി നമസ്‌കാരത്തോടെ കല്ലേറ് കർമ്മങ്ങൾക്കായി അവർ ജംറകളിലക്കേ് നീങ്ങും.

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) അവസാനമായി പങ്കെടുത്ത ഹജ്ജത്തുൽ വിദാഇലെ വിടവാങ്ങൽ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയിൽ നടന്ന ഖുതുബക്കും നിസ്കാരത്തിനും മക്കയിലെ മസ്ജിദുൽ ഹറമിലെ ഇമാം ശൈഖ് മാഹിർ അൽ മുഐകിലി നേതൃത്വം നൽകി. ഇഹ പര വിജയത്തിന് അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ച് തിരുനബിയുടെ പാത പിൻപറ്റി ജീവിക്കുവാനും അവൻ വിലക്കിയ കാര്യങ്ങൾ ഒഴിവാക്കാനും ഖുതുബയിൽ ഇമാം വിശ്വാസികളെ ഉണർത്തി. ഹജ്ജ് എന്നത് വിശ്വാസിയുടെ ആത്മാർത്ഥത തന്റെ റബ്ബിന് മുമ്പിൽ പ്രകടമാകാനുള്ള അവസരമാണെന്നും, രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കുള്ള സ്ഥലമല്ലന്നും അദ്ദേഹം വ്യക്തമാക്കി.













