അരവിന്ദ് കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി


ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ മൂന്നുവരെ നീട്ടി.ഡല്‍ഹി എക്സൈസ് നയത്തിലെ ക്രമക്കേടുകളില്‍ തുടരന്വേഷണം അനിവാര്യമാണെന്നും അരവിന്ദ് കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു.


അതേ സമയം ഇഡിയുടെ അപേക്ഷയെ കെജ്രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജൂലൈ മൂന്നിന് കേസില്‍ കോടതി അടുത്ത വാദംകേള്‍ക്കും.


കെജരിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടര്‍ന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജരിവാള്‍ അപേക്ഷ നല്‍കിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെ കെജ്രിവാള്‍ വിചാരണക്കോടതിയായ റൗസ് അവന്യൂ കോടതിയെ സമീപിച്ചു. എന്നാല്‍, ഹരജി തള്ളിയ കോടതി ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ ദീര്‍ഘിപ്പിക്കുകയുണ്ടായി.



Sharing is Caring