ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18 ഓടെ പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കൂടിക്കാഴ്ച നടത്തിയിതിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബര്‍ പതിനെട്ടോടെ വാദം പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാം. ആവശ്യം വരികയാണെങ്കില്‍ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ അധിക സമയവും വാദം കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.- ഗോഗൊയ് പറഞ്ഞു.

മധ്യസ്ഥ ചര്‍ച്ച തുടരാനുള്ള അനുമതി തേടിക്കൊണ്ട് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ അധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ നടക്കുന്നതിനോടൊപ്പം തന്നെ മധ്യസ്ഥ ചര്‍ച്ചകളും തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നവംബര്‍ 17 രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനാല്‍ അന്നേ ദിവസമോ അതിനു മുമ്ബുള്ള ദിവസങ്ങളിലോ കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗൊഗോയ് വിരമിക്കുന്നതിന് മുമ്ബ് വിധി വന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ച് ആദ്യം മുതല്‍ കേള്‍ക്കേണ്ടി വരും.













