അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി


കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ ഏര്‍പ്പെടുത്തിയത് ആരിഫാണെന്നാണ് പൊലീസ് പറയുന്നത്.


അഭിമന്യുവിനെ നേരിട്ട് ആക്രമിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്. കേസിലെ എട്ട് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. കേസിലെ ഏറ്റവും പ്രധാന പ്രതികള്‍ ഉള്‍പ്പടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആരിഫ് ബിന്‍ കീഴടങ്ങിയത്.


ആലുവ സ്വദേശിയാണ് ആരിഫ്. കേസില്‍ ആകെ 30 പ്രതികളാണ് ഉള്ളത്. അതേസമയം പൊലീസും ക്യാമ്പസ് ഫ്രണ്ട് നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഈ കീഴടങ്ങലുകള്‍ നടക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

കേസ് ഉണ്ടായിട്ട് ഇപ്പോള്‍ 90 ദിവസം പിന്നിട്ടുകഴിഞ്ഞു. സ്വാഭാവികമായും മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ട്. അതടക്കം പരിഗണിച്ചുകൊണ്ടാണ് ക്യാമ്പസ് ഫ്രണ്ട് നേതൃത്വം ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നാണ് ആരോപണം.



Sharing is Caring