ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന നേതാക്കളെ അനുയായികള്‍ പൂമാലയിട്ട് സ്വീകരിക്കുക പതിവാണ്. എന്നാല്‍ തുറന്നവാഹനത്തില്‍നിന്ന് അണികളെ അഭിവാദ്യം ചെയ്തു നീങ്ങുന്ന നേതാവിന്റെ കഴുത്തിലേക്ക് മാല എറിഞ്ഞിട്ടാലോ? അതും വളരെ കൃത്യമായി.
അങ്ങനെയൊരു കാഴ്ചയാണ് കോണ്‍ഗ്രസിന്റെ ഐ ടി സെല്‍ ചുമതലയുള്ള ദിവ്യ സ്പന്ദന ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഴുത്തിലേക്കാണ് വളരെ കൃത്യമായി ഒരു അനുയായി മാല എറിഞ്ഞിട്ടത്.

തുറന്ന വാഹനത്തില്‍ അണികളെ അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങുകയായിരുന്നു രാഹുല്‍. തുംകുരുവില്‍ ബുധനാഴ്ച റോഡ് ഷോയ്ക്ക് എത്തിയതായിരുന്നു രാഹുല്‍. മാലയെത്തിയ ഭാഗത്തേക്കു നോക്കി രാഹുല്‍ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. അതേ സമയം അണിയുടെ’മാലയെറിയല്‍’ സുരക്ഷാ വീഴ്ച മൂലമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.













