അതിശക്തമായ മഴ തന്നെ കേരളത്തിലെ പ്രളയത്തിന് കാരണം : കേന്ദ്ര ജല കമ്മീഷന്‍


ന്യൂഡല്‍ഹി: . അപ്രതീക്ഷിതമായി വന്ന് തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ തന്നെയാണ് കേരളത്തെ പ്രളയത്തിലാഴ്ത്തിയതെന്ന് കേന്ദ്ര ജല കമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു ഇതോടെ മുന്നറിയിപ്പോ മുന്‍കരുതലോ ഇല്ലാതെ ഡാമുകള്‍ തുറന്നു വിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന് ആരോപണങ്ങള്‍ പൊളിയുന്നു. ഇത് സംബന്ധിച്ച വിശദമായ പഠനങ്ങളുമായി കേന്ദ്ര ജലകമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.


അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രചാരണം കഴമ്ബില്ലാത്തതാണെന്ന് കേന്ദ്ര ജലകമ്മീഷന്‍ പ്രളയവിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു .കേരളം നേരിട്ടത് നിയന്ത്രാണാതീതമായ ദുരന്ത സാഹചര്യമാണ്. അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്നു പറയുന്നത് ശരിയല്ല. നേരത്തെ തന്നെ അണക്കെട്ടുകള്‍ തുറന്നിരുന്നു എങ്കിലും ഈ ദുരന്ത സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും വികസനത്തിന്റെ പേരില്‍ നടന്ന കയ്യേറ്റങ്ങളും ദുരന്തത്തിന്റെ ആക്കം കൂട്ടാന്‍ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നൂറോ, അന്‍പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രളയമായിരുന്നു. പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല കേരളത്തില്‍ ഉണ്ടായ പ്രളയം എന്നും അദ്ദേഹം പറഞ്ഞു. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കേരളത്തിന്‍റെ മനസിലുണ്ടാകണമെന്നും കേന്ദ്ര ജലകമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാനായി തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.


അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് അനിയന്ത്രിതമായ പ്രളയത്തിന് കാരണമായതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംസ്ഥാന ബിജെപി നേതൃത്വവും പരോക്ഷമായി കേന്ദ്ര സര്‍ക്കാരും ഈ ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍, കേന്ദ്ര ജല കമ്മീഷന്‍ തന്നെയാണ് ഇപ്പോള്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജല കമ്മീഷന്‍ പ്രാഥമീക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് റിപ്പോര്‍ട്ട് തയാറാക്കുന്നത്. വിശദമായ പഠനങ്ങളുടെയും വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.



Sharing is Caring